കൊവിഡ് ടെസ്റ്റുകൾ ഇരട്ടിയാക്കണം
24 മണിക്കൂറിനുള്ളിൽ 896 പുതിയ കേസുകളും 37 മരണവും
ന്യൂഡൽഹി: കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ഇന്ത്യ ഇതുവരെ സമൂഹവ്യാപന ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം ആവർത്തിച്ചു. 24 മണിക്കൂറിനിടെ 16,002 ടെസ്റ്റുകൾ നടത്തിയെന്നും 0.2 ശതമാനം കേസുകൾ മാത്രമാണ് പോസിറ്റീവായതെന്നും കേന്ദ്രആരോഗ്യമന്ത്രാലയ ജോ.സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. ശേഖരിച്ച സാമ്പിളുകൾ പ്രകാരം ഉയർന്ന രോഗവ്യാപന നിരക്കില്ല. അതേസമയം 24 മണിക്കൂറിനുള്ളിൽ 896 പുതിയ കേസുകളും 37 മരണവും റിപ്പോർട്ട് ചെയ്തതായി അദ്ദേഹം അറിയിച്ചു.
ഗുരുതരമായ ശ്വാസകോശ അണുബാധയുമായി ആശുപത്രിയിലെത്തിയ 50 പേരിൽ ഒരാൾക്ക് കൊവിഡ് ആണെന്നും ഇങ്ങനെയുള്ളവരിൽ 40 ശതമാനത്തിനും വിദേശയാത്രാ ബന്ധമോ, കൊവിഡ് രോഗികളുമായി സമ്പർക്കമോ ഇല്ലെന്നുമുള്ള ഐ.സി.എം.ആർ പഠനം ഇന്നലെ പുറത്തുവന്നിരുന്നു. ഇത് സമൂഹവ്യാപനത്തിന്റെ തെളിവാണെന്ന ആശങ്ക ശക്തമായതോടെയാണ് ആരോഗ്യമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
പഞ്ചാബിൽ സമൂഹവ്യാപന കേസുകളുണ്ടായേക്കാമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗും തമിഴ്നാട് സമൂഹവ്യാപന ഘട്ടത്തിലേക്ക് കടക്കാൻ സാദ്ധ്യതയുണ്ടെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും പറഞ്ഞിരുന്നു.
അതേസമയം കൊവിഡ് ടെസ്റ്റുകൾ ഇരട്ടിയാക്കണമെന്നും ലോക്ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14 ആകുമ്പോഴേക്കും കുറഞ്ഞത് 2.5 ലക്ഷം ടെസ്റ്റുകൾ നടത്തണമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ലോക്ഡൗൺ നിർദ്ദേശം പൂർണമായും നടപ്പാക്കണം
............................................
ഏപ്രിലിൽ വിഷു ഉൾപ്പെടെ ആഘോഷ ദിവസങ്ങൾ വരാനിരിക്കെ, ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കേന്ദ്രആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകി. മത,സാമൂഹിക കൂടിച്ചേരലുകൾ അനുവദിക്കരുത്. സമൂഹമാദ്ധ്യമങ്ങൾ കർശനമായി നിരീക്ഷിക്കണം. പ്രകോപനപരമായ പോസ്റ്റുകൾ പ്രചരിക്കാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശിച്ചു.
നൂറുശതമാനം ലോക്ഡൗൺ നടപ്പാക്കണമെന്നും ഇല്ലെങ്കിൽ കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് വിജയിക്കാനാകില്ലെന്നും ഇന്നലെ സംസ്ഥാന ആരോഗ്യമന്ത്രിമാരുമായുള്ള വീഡിയോകോൺഫറൻസിൽ കേന്ദ്രആരോഗ്യമന്ത്രി ഹർഷവർദ്ധനും പറഞ്ഞു.
ചില സംസ്ഥാനങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. ലോക്ഡൗണിന്റെ മൂന്നാമത്തെ ആഴ്ചയിലാണ് നാം. ലോകത്തെ അനുഭവങ്ങൾ വച്ചുനോക്കുമ്പോൾ രോഗവ്യാപനം കുറയാൻ 5-6 ആഴ്ചകളെടുക്കും. ഏത് മോശം സാഹചര്യത്തെ നേരിടാനും സജ്ജമായിരിക്കേണ്ടതുണ്ട്. കൂടുതൽ ക്വാറന്റീൻ കേന്ദ്രങ്ങളും ഐസൊലേഷൻ കിടക്കകളും ഉപകരണങ്ങളും ലാബുകളും പരിശോധനാ സംവിധാനങ്ങളും ഒരുക്കുകയാണ്. റാപ്പിഡ് ആന്റി -ബോഡി ടെസ്റ്റ് കിറ്റുകൾ ലഭ്യമായിട്ടില്ല. സംസ്ഥാനങ്ങളിലെ നല്ല മാതൃകകൾ മറ്റു സംസ്ഥാനങ്ങളും നടപ്പാക്കണമെന്നും ഹർഷവർദ്ധൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |