ന്യൂഡൽഹി: രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള (3000) മഹാരാഷ്ട്ര ലോക്ക് ഡൗണിൽ ഇളവുകൾ വരുത്താനൊരുങ്ങുന്നു. സംസ്ഥാനത്ത് മരണം 200നോട് അടുത്തു. രോഗം അതി തീക്ഷ്ണമെന്ന് വിലയിരുത്തുമ്പോഴും സംസ്ഥാനസർക്കാർ ഗൗരവത്തിലെടുക്കുന്നില്ലെന്നാണ് ആരോപണം.
' സ്ഥിതി നിയന്ത്രണവിധേയമായതിനാൽ ഏപ്രിൽ 20 മുതൽ വ്യാവസായിക സാമ്പത്തിക മേഖലയിലെ ലോക്ക് ഡൗണിൽ ഇളവുകൾ വരുത്തുമെന്ന് ' മഹാരാഷ്ട്ര വ്യാവസായിക മന്ത്രി സുഭാഷ് ദേശായി പറഞ്ഞു. സംസ്ഥാനത്തെ 6 ജില്ലകൾ കൊവിഡ് രഹിതമാണെന്നും, 14 ജില്ലകളിൽ അഞ്ചിൽ താഴെ കേസുകൾ മാത്രമേ ഉള്ളൂവെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറയുടെ കൂടി നിർദ്ദേശത്തെത്തുടർന്ന് ഈ പ്രദേശങ്ങളിലെ ലോക്ക്‌ഡൗണിൽ ഇളവുകൾ വരുത്തുമെന്നുമാണ് വാദം.
രാജ്യത്ത് 12 മണിക്കൂറിനിടെ 165 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 107 എണ്ണവും മുംബയിലാണ്. ഇന്നലെ സ്ഥിരീകരിച്ച 26 പേരുൾപ്പെടെ ധാരവിയിൽ 86 രോഗികളുണ്ട്. മരണം ഒൻപതായി. ഇതുവരെ 187 പേർ മരിച്ച മഹാരാഷ്ട്രയിൽ 3,081 രോഗികളാണുള്ളത്. മുംബയിൽ മാത്രം മരണം 100 കടന്നു. രണ്ട് ഡോക്ടർമാരുൾപ്പടെ 150ഓളം ആരോഗ്യപ്രവർത്തകരും പൊലീസും
കൊവിഡ് പോസിറ്റീവാണെന്നത് ഭീതി വർദ്ധിപ്പിക്കുന്നു.
ഡൽഹിയിൽ പിസ വിളമ്പി: 89 പേർ നിരീക്ഷണത്തിൽ
ഡൽഹിയിൽ പിസ ഡെലിവറി ചെയ്തയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പിസ വിതരണം ചെയ്ത വീടുകളിലെ 89 പേരെ നിരീക്ഷണത്തിലാക്കി. വൃക്ക തകരാറുള്ള പിസ ഡെലിവറി ബോയ് ഡയാലിസിസിന് ആശുപത്രിയിൽ എത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് രോഗം ബാധിച്ച രണ്ടാമത്തെ കാൻസർ രോഗി മരിച്ചു.
പട്‍പർ ഗഞ്ചിലെ മാക്സ് ആശുപത്രിയിലെ ഒരു മലയാളി നഴ്സിന് കൂടി രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ള മലയാളി നഴ്സുമാരുടെ എണ്ണം രണ്ടായി. ഡൽഹിയിൽ 1578 രോഗികളുണ്ട്. ഇന്നലെ മരിച്ച എൺപതുകാരൻ ഉൾപ്പടെ മരണം 32.
പൊലീസുകാരനും കുടുംബത്തിനും കൊവിഡ്. ഡൽഹി മോഡൽ ടൗൺ പൊലീസ് കോളനി അടച്ചു.
തിങ്കളാഴ്ചയ്ക്ക് ശേഷം സ്വകാര്യ കാറിൽ 4 പേർക്ക് യാത്രാ അനുമതി നൽകാൻ സർക്കാർ തീരുമാനം. നിലവിൽ രണ്ട് പേർക്കാണ് അനുമതി.
ഗുജറാത്തിൽ 105 പുതിയ കേസുകൾ. ആകെ രോഗികൾ 871. മരണം 36.
ആഗ്രയിൽ ഇന്നലെ 65കാരൻ മരിച്ചു. യു.പിയിൽ ആകെ മരണം 13. രോഗികൾ 773.
ഗ്രേറ്റർ നോയിഡയിൽ ലുഡോ ഗെയിം കളിക്കുന്നതിനിടെ ചുമച്ചെന്ന് ആരോപിച്ച് 25 കാരനെ കൂട്ടുകാരൻ വെടിവച്ചു.
ലോക്ക് ഡൗൺ ലംഘിച്ചതിന് 19,448 കേസുകൾ.
60,258 അറസ്റ്റ്.
വാഹന പിഴയിനത്തിൽ 7.7 കോടിയുടെ വരുമാനം
തമിഴ്നാട്ടിൽ 25 പുതിയ രോഗികൾ. ആകെ രോഗികൾ 1,276. മരണം 15.
കർണാടകത്തിൽ 34 രോഗികൾ കൂടി. ബെലഗാവി, വിജയപുര ജില്ലകളിൽ കൊവിഡ് കേസുകൾ കൂടുന്നു.
മേഘാലയയിലെ ഷിലോംഗിലെ ബെതാനിയിൽ കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ (69) മൃതദേഹം സംസ്‌കരിച്ചു. പ്രദേശവാസികളുടെ എതിർപ്പിനെത്തുടർന്ന് രണ്ട് ദിവസമായി മൃതദേഹം മോർച്ചറിയിലായിരുന്നു. ഡോക്ടറുടെ കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥീരിച്ചു. ഡോക്ടറുമായി ഇടപഴകിയ 2,000 പേരെ കണ്ടെത്തി.
വടക്ക് കിഴക്കൻ ഇന്ത്യയിൽ ഇതുവരെ 45 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേർ മരിച്ചു.
സിക്കിമിൽ ഇതുവരെ കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല.
ഹരിയാനയിൽ ഒരു കുടുംബത്തിലെ 9 പേർക്ക് രോഗം. ആകെ രോഗികൾ 213.
ആൻഡമാൻ നിക്കോബാറിൽ 11 കൊവിഡ് രോഗികളും രോഗമുക്തരായി.
രാജ്യത്ത് ഇന്നലെ 826 പുതിയ രോഗികകൾ, 28 മരണം (ബോക്സ്)
രാജ്യത്ത് കൊവിഡ് കേസുകൾ ദിവസേന വർദ്ധിക്കുന്നതായി സൂചന. ഇരുപത്തിനാല് മണിക്കൂറിനിടെ 826 പുതിയ രോഗികൾ. 28 പേർ മരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികൾ 12,380. മരണം 414.
1488 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |