ന്യൂഡൽഹി: ലോക്ക് ഡൗൺ കഴിഞ്ഞുള്ള യാത്രയ്‌ക്കായി ബുക്കു ചെയ്‌ത ടിക്കറ്റ് റദ്ദു ചെയ്യുന്നവർക്ക് മുഴുവൻ തുകയും കാൻസലേഷൻ നിരക്ക് ഈടാക്കാതെ മൂന്നാഴ്‌ചയ്‌ക്കുള്ളിൽ തിരികെ നൽകാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി. ആദ്യ ലോക്ക് ഡൗൺ തുടങ്ങിയ മാർച്ച് 24നും ഏപ്രിൽ 14നുമിടയിൽ ആഭ്യന്തര- അന്താരാഷ്‌ട്ര റൂട്ടുകളിലെ ബുക്കിംഗുകൾക്കാണ് ബാധകം.
21 ദിവസത്തെ ലോക്ക് ഡൗൺ കഴിഞ്ഞ് വിമാന യാത്ര അനുവദിക്കുമെന്ന നിഗമനത്തിൽ വിമാനക്കമ്പനികൾ ഏപ്രിൽ 14ന് ശേഷമുള്ള ദിവസങ്ങൾക്ക് ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയിരുന്നു. ലോക്ക് ഡൗൺ നീട്ടിയതോടെ മേയ് മൂന്നു വരെയുള്ള യാത്രാ ടിക്കറ്റ് റദ്ദാക്കാൻ ശ്രമിച്ചവരോട്, മറ്റൊരു തിയതിയിൽ അതേ റൂട്ടിൽ യാത്ര അനുവദിക്കാമെന്ന വാഗ്‌ദാനമാണ് വിമാനക്കമ്പനികൾ മുന്നോട്ടു വച്ചത്. പക്ഷേ, പുതിയ തീയതിയിൽ നിരക്ക് ബുക്കു ചെയ്‌തതിനെക്കാൾ കൂടുതലാണെങ്കിൽ അധിക തുക ഈടാക്കും. ഇതിന് തയ്യാറാകാതെ ടിക്കറ്റ് റദ്ദാക്കുന്നവരിൽ നിന്ന് കാൻസലേഷൻ ഇനത്തിൽ അമിത തുക ഇൗടാക്കാനായിരുന്നു ശ്രമം. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വ്യോമയാന മന്ത്രാലയം ഇടപെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |