തിരുവനന്തപുരം: സ്പ്രിൻഗ്‌ളർ ഡാറ്റാ കൈമാറ്റ വിവാദത്തിൽ മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും പ്രതിരോധം തീർത്ത് സി.പി.എം നേതൃത്വം രംഗത്തെത്തിയതിന് പിന്നാലെ ,വിഷയം ചർച്ച ചെയ്യാൻ അവൈലബിൾ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും.
സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും കാഴ്ചപ്പാടിൽ നിന്നുള്ള വ്യതിയാനമായി സ്പ്രിൻഗ്‌ളർ വിവാദം വ്യാഖ്യാനിക്കപ്പെടുമ്പോഴും, കൊവിഡ് പ്രതിരോധത്തിന്റെ നിർണായക ഘട്ടത്തിൽ സർക്കാരിനെയോ മുഖ്യമന്ത്രിയെയോ തള്ളാൻ പാർട്ടി നേതൃത്വത്തിനാവില്ല. സർക്കാരിനെ പിന്തുണയ്ക്കാനുള്ള തീരുമാനമാവും സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാവുക. എന്നാൽ, വ്യക്തിസ്വകാര്യതാ വിഷയത്തിലെ രാഷ്ട്രീയ നിലപാടിൽ നിന്ന് പിന്നോട്ട് പോവുകയും അസാദ്ധ്യം. വിവാദ കരാറിന്റെ വരുംവരായ്കകൾ പരിശോധിച്ച് , തിരുത്തലിന് പാർട്ടി തയാറാകുമോയെന്നാണ് അറിയേണ്ടത്.
സർക്കാരിന് സാമ്പത്തികബാദ്ധ്യതയുണ്ടാക്കുന്ന ഇടപാടല്ലാത്തതിനാൽ,അഴിമതി ആരോപണങ്ങളിൽ കഴമ്പില്ലെന്ന വാദത്തിലാണ് പാർട്ടി. സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടതുനിലപാട് ഉയർത്തിപ്പിടിച്ച് മുഖപ്രസംഗമെഴുതിയ സി.പി.ഐയും പ്രത്യക്ഷമായ ആക്ഷേപമുയർത്താതിരിക്കാൻ ശ്രദ്ധിച്ചതും അതുകൊണ്ടാവണം.
കൊവിഡ് പ്രതിരോധത്തിലെ നേട്ടങ്ങൾ അക്കമിട്ട് നിരത്തിയും ആരോപണങ്ങളെ അവഗണിച്ചും മുഖ്യമന്ത്രി ഇന്നലെ നടത്തിയ വാർത്താസമ്മേളനവും ശ്രദ്ധേയമാണ് വൈറസിനെ എങ്ങനെയെല്ലാം ഒതുക്കാമെന്ന് ശ്രദ്ധിക്കുന്നതാവും ഇപ്പോൾ നല്ലതെന്നായിരുന്നു പ്രതികരണം. സി.പി.എം പി.ബി യോഗം സർക്കാരിനെ പിന്തുണച്ച് ഇന്നലെ രംഗത്തെത്തിയതും മുഖ്യമന്ത്രിക്ക് ബലമേകുന്നുണ്ട്. ആരോപണങ്ങളിൽ തെളിവ് കൊണ്ടുവരട്ടെയെന്ന് പ്രതിപക്ഷത്തെ വെല്ലുവിളിക്കുക വഴി ,തന്റെ വഴിയിൽ പിശകില്ലെന്ന് സ്ഥാപിക്കുകയാണ് മുഖ്യമന്ത്രി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |