തിരുവനന്തപുരം: ലോക്ക് ഡൗൺ കാരണം സംസ്ഥാനങ്ങളിലെ ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്കുണ്ടായ നഷ്ടം പരിഹരിക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ ഗതാഗത ,പൊതുമരാമത്ത് മന്ത്രിമാർ കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിധിൻ ഗഡ്കരിയുമായി നടന്ന വീഡിയോ കോൺഫറൻസിൽ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. .
ട്രാൻസ്പോർട്ട് ബസുകൾക്ക് നൽകുന്ന ഡീസലിന്റെ നികുതിയിൽ കുറവ് വരുത്തണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ ആവശ്യപ്പെട്ടു. ചില പ്രദേശങ്ങളിലെ സമ്പൂർണ ലോക്ക് ഡൗൺ നിമിത്തം ചരക്ക് ലോറികളുടെ വരവ് തടസപ്പെടുന്നതായും ശശീന്ദ്രൻ അറിയിച്ചു.ഏത് ലോക്ക് ഡൗണിലും ചരക്ക് ഗതാഗതത്തിനും രോഗികളെ കൊണ്ടു പോകുന്നതിനും അനുമതി നൽകണമെന്ന ആവശ്യവും പരിഗണിക്കുമെന്ന് നിധിൻ ഗഡ്കരി ഉറപ്പു നൽകി.ബസ് സർവീസുകൾ പുനരാരംഭിക്കുന്നതു സംബന്ധിച്ച നിർദേശമൊന്നും കേന്ദ്രമന്ത്രിയിൽ നിന്നുണ്ടായില്ല. റെഡ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് പൊതുമരാമത്ത് മന്ത്രിമാരോട് അദ്ദേഹം നിർദേശിച്ചു.
മന്ത്രി ജി.സുധാകരൻ
പുറത്ത് പോയി
രാവിലെ പതിനൊന്നിന് ആരംഭിച്ച ചർച്ചയിൽ ഉച്ചയ്ക്ക്ഒന്നരയായിട്ടും സംസാരിക്കാൻ അവസരം ലഭിക്കാതെ വന്നപ്പോൾ മന്ത്രി ജി.സുധാകരൻ സെക്രട്ടറിയെ ചുമതല ഏൽപ്പിച്ച ശേഷം സെക്രട്ടേറിയറ്റ് അനക്സിലെ വീഡിയോ കോൺഫറൻസ് ഹാളിൽ നിന്ന് പുറത്ത് പോയി. അക്ഷരമാലാക്രമം തെറ്റിച്ചാണ് മന്ത്രിമാരെ സംസാരിക്കാൻ ക്ഷണിച്ചതെന്നും, തുടർന്നും അവിടെയിരുന്നാലും സംസാരിക്കാൻ അവസരം കിട്ടുമെന്നുറപ്പില്ലെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ പിന്നീട് ഇ-മെയിൽ വഴി കേന്ദ്രമന്ത്രിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |