തിരുവനന്തപുരം: നാടിന് വെളിച്ചം പകരുന്ന സംസ്ഥാന വൈദ്യുതി ബോർഡിനും കൊവിഡ് ഇരുട്ടടിയായി. ഉപഭോഗവും വരുമാനവും കുത്തനെ ഇടിഞ്ഞു. വ്യാവസായിക ഉപഭോക്താക്കളുടെ ഫിക്സഡ് ചാർജിനുള്ള ആറ് മാസത്തെ മോറട്ടോറിയവും ബോർഡിന്റെ കീശ വെളുപ്പിച്ചു..
വൈദ്യുതി ഏറ്റവും കൂടുതൽ ചെലവാകുന്നത് വേനൽക്കാലത്താണ്. ജനുവരി മുതൽ മേയ് വരെ പ്രതിദിന ഉപഭോഗം 85 ദശലക്ഷം യൂണിറ്റ് വരെയെത്തും. വ്യവസായ,വാണിജ്യ ഉപഭോക്താക്കളും കൂടുതൽ വൈദ്യുതി ഉപയോഗിക്കും. മുൻവർഷങ്ങളിൽ ഇൗ സമയത്ത് വൈദ്യുതി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങാൻ കെ.എസ്. ഇ.ബി നെട്ടോട്ടമോടിയിരുന്നു.
പ്രതിദിനനഷ്ടം 15കോടി
ഈ വേനലിൽ വൈദ്യുതി ഉപഭോഗത്തിൽ 20 ശതമാനത്തിലേറെ കുറവുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വർഷം ഏപ്രിലിൽ 84.22 ദശലക്ഷം യൂണിറ്റായിരുന്ന പ്രതിദിന ഉപഭോഗം,67 ദശലക്ഷമായി കുറഞ്ഞു. പ്രതിദിനനഷ്ടം 15കോടി.
നഷ്ടം കുറയ്ക്കാൻ ജലവൈദ്യുതി ഉൽപാദനം 21 ദശലക്ഷമാക്കി വർദ്ധിപ്പിച്ചു. പുറമെ നിന്ന് 60 ദശലക്ഷം വരെ കൊണ്ടുവരാമെങ്കിലും 46 ദശലക്ഷമാക്കി ചുരുക്കി. 60 ശതമാനവും ഗാർഹികഉപഭോക്താക്കളാണ്. എ.സിയും ഫാനും കൂടുതൽ ഉപയോഗിക്കുന്നുണ്ടെങ്കിലും രാവിലെയും വൈകിട്ടുമുള്ള പീക്ക് സമയത്ത് ഉപഭോഗം കൂടുന്നില്ല. വ്യവസായ, വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാത്തതും ഉപഭോഗം കുറച്ചു.
സംഭരണികളിൽ
40 % വെള്ളം
ഉപഭോഗം കുറഞ്ഞതിനാൽ സംഭരണികളിൽ ജൂൺ 15 വരെ ഉപയോഗിക്കാവുന്ന ജലം കരുതലുണ്ട്. നിലവിൽ സംസ്ഥാനത്തെ ഇടുക്കി, ഇടമലയാർ,മാട്ടുപെട്ടി,കക്കി,ഷോളയാർ തുടങ്ങി വൻ അണക്കെട്ടുകളിൽ 1462 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുണ്ടാക്കാനുള്ള വെള്ളമുണ്ട്. ശേഷിക്കുന്ന ചെറുകിടനിലയങ്ങളിലായി 132 ദശലക്ഷം യൂണിറ്റുണ്ടാക്കും മൊത്തം 1594 ദശലക്ഷം യൂണിറ്റുണ്ടാക്കാനുള്ള വെള്ളമുണ്ട്. മുൻവർഷം ഇത് 1204 ദശലക്ഷം യൂണിറ്റായിരുന്നു.
നേട്ടം ഓൺലൈൻ
പേയ്മെന്റ്
ലോക്ക് ഡൗൺ തുടങ്ങിയതോടെ ഒാൺലൈൻ പെയ്മെന്റ് പച്ച പിടിച്ചതാണ് കൊവിഡ് കാലത്ത് കെ.എസ്.ഇ.ബി.ക്കുണ്ടായ ഏക നേട്ടം. ദിവസത്തിൽ 50000 പേർ ഒാൺലൈനായി പേയ്മെന്റ് നൽകിയിരുന്നത്. 1.24 ലക്ഷമായി ഉയർന്നു. ഒാൺലൈനായാണ് പണമടയ്ക്കൽ പ്രോത്സാഹിപ്പിക്കാൻ 5 ശതമാനം ഡിസ്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പരമാവധി 100 രൂപവരെ കുറവ് കിട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |