തിരുവനന്തപുരം: നാട്ടിൽ എന്തെങ്കിലുമൊക്കെ നല്ല മാറ്റങ്ങളുണ്ടായാൽ നാടിന്റെ പൊതുവായ കാര്യമായി കാണാതെ വിവാദങ്ങളിൽ മാത്രം സുഖം കാണുന്ന കൂട്ടരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്തെങ്കിലുമൊക്കെ ഉണ്ടായാൽ എൽ.ഡി.എഫിന്റെ എന്തോ നേട്ടത്തിനാകും എന്നൊക്കെ ചിന്തിക്കുന്ന പ്രത്യേക മാനസികാവസ്ഥയിൽ നിൽക്കുകയല്ല വേണ്ടത്. കിഫ്ബി നിയമനത്തിനെതിരായ ആക്ഷേപം വികസനത്തിന് തുരങ്കം വയ്ക്കലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മളൊന്നായി ശ്രമിച്ചാൽ കുറേക്കൂടി പുതിയ കാര്യങ്ങളും നാട്ടിലുണ്ടാക്കാനാകും. ഇതേതെങ്കിലും വിഭാഗത്തിനുള്ളതല്ല. നാടിനാകെയാണ് ഗുണമായി വരുന്നത്. നമ്മുടെ വിഭവശേഷി നാം ഉപയോഗിക്കേണ്ട ഘട്ടമാണിത്. അതിന് സാഹചര്യമൊരുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കേണ്ടത് മാദ്ധ്യമങ്ങളാണ്.
സംസ്ഥാനം വലിയ പ്രയാസമനുഭവിക്കുമ്പോൾ നാടിന്റെ വികസനമുറപ്പാക്കാനുള്ള ബദൽമാർഗമായാണ് കിഫ്ബിയെ ശക്തിപ്പെടുത്തിയത്. അമ്പതിനായിരം കോടിയുടെ വികസനപദ്ധതികളെന്ന് പറഞ്ഞാണ് തുടങ്ങിയതെങ്കിലും ഇപ്പോൾ അതിലും കൂടുതലുണ്ടായി. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ നടപ്പാക്കിയ വികസനപദ്ധതികൾക്കെല്ലാം കിഫ്ബി ഫണ്ടായിരുന്നു. കേരളത്തിന്റെ പൊതുവികസനത്തിന് ഇത്രയും കാര്യങ്ങൾ ചെയ്യുമ്പോൾ അതിന് യോഗ്യരായവരെ നിയമിക്കണം. അവർക്ക് അതനുസരിച്ചുള്ള ശമ്പളം നൽകണം. നിങ്ങളുടെ (മാദ്ധ്യമപ്രവർത്തകർ) കഴിവിനും യോഗ്യതയ്ക്കുമനുസരിച്ചുള്ള ശമ്പളം കിട്ടിയില്ലെങ്കിൽ ആ സ്ഥാപനത്തിൽ പിന്നെ നിൽക്കുമോ? നാടിന്റെ തൊഴിൽസംസ്കാരത്തിനനുസരിച്ച മാറ്റങ്ങളുൾക്കൊണ്ട് ഒന്നിച്ച് നീങ്ങാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |