പത്തനംതിട്ട: ദേശീയ ഡെങ്കിപ്പനി ദിനമായ നാളെ ജില്ലയിൽ ഡെങ്കിപ്പനി നിയന്ത്രണ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ.സി.എസ് നന്ദിനി അറിയിച്ചു. ജാഗ്രത 2020 എന്ന പേരിൽ നടത്തുന്ന കാമ്പയിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാർ ഇതിൽ പങ്കാളികളാകണം. എല്ലാ കുടുംബാംഗങ്ങളും കാമ്പയിനിൽ പങ്കെടുത്ത് അവരവരുടെ വീടുകളും പരിസരവും കൊതുകുകൾ മുട്ടയിട്ടു പെരുകാത്ത രീതിയിൽ വൃത്തിയാക്കണം.
വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ വാർഡ്തല ആരോഗ്യ ശുചിത്വ സമിതിയുടെ സഹകരണത്തോടെ എല്ലാ വാർഡുകളിലും നാളെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തണം. ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടി വരുന്നതു കണക്കിലെടുത്താണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ഈ വർഷം ഇതുവരെ 139 ഡെങ്കിപ്പനി ബാധ പത്തനംതിട്ടയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷം ഇതേസമയംവരെ 31 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലോക്ഡൗൺ സമയത്തും ജനങ്ങൾ വീടുകളും പരിസരവും വൃത്തിയാക്കുന്നതിൽ വേണ്ടത്ര ശ്രദ്ധ പുലർത്തിയിട്ടില്ല എന്നാണ് ഇതു സൂചിപ്പിക്കുന്നത്. റബർ തോട്ടങ്ങളും കൊതുകുകളുടെ പ്രധാന ഉറവിടങ്ങളായി തുടരുകയാണ്.
ഡെങ്കിപ്പനിക്കാർ കൂടുതൽ വെച്ചൂച്ചിറയിൽ
ഏറ്റവും കൂടുതൽ ഡെങ്കി രോഗബാധിതരുള്ളത് വെച്ചൂച്ചിറ പഞ്ചായത്തിലാണ്. നാറാണംമൂഴി, കോന്നി, കുറ്റൂർ, മല്ലപ്പള്ളി, ചെറുകോൽ, തിരുവല്ല നഗരസഭ എന്നിവിടങ്ങളിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും തോട്ടങ്ങളും വീടും ഉൾപ്പെടെ എല്ലാ മേഖലകളിലും ഉറവിട നശീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം.
ക്ലബുകൾ, സന്നദ്ധ സംഘടനകൾ, സാമൂഹിക സംഘടനകൾ, ജീവനക്കാർ, തൊഴിലാളികൾ, കുടുംബാംഗങ്ങൾ തുടങ്ങി എല്ലാവരും സാമൂഹിക അകലം പാലിച്ച് ഈ കാമ്പയിനിൽ പങ്കെടുക്കണമെന്ന് ഡി.എം.ഒ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |