ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും മൂലം തൊഴിൽ ഇല്ലാതായതോടെ സ്വദേശങ്ങളിലേക്ക് മടങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികളെയും നഗരങ്ങളിലെ പാവപ്പെട്ടവരെയും സഹായിക്കാൻ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു. കേന്ദ്ര പാക്കേജ് വൈകിയതും പാലായനത്തിനിടെ തൊഴിലാളികൾ അപകടങ്ങൾക്ക് ഇരയാകുന്നതും പ്രതിപക്ഷം സർക്കാരിനെ ആയുധമാക്കുന്നത് കണക്കിലെടുത്താണ് വിശദീകരണം. .
സ്വദേശത്തേക്ക് മടങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിൽ തൊഴിലുറപ്പ് പദ്ധതിക്കു കീഴിൽ പേരു ചേർത്ത് സഹായിക്കാൻ നടപടിയെടുത്തു. ഇവർക്ക് തൊഴിലുറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. തൊഴിലുറപ്പ് പദ്ധതിക്കുകീഴിൽ കാലവർഷത്തിനു മുന്നോടിയായുള്ള ചെടി നടൽ, കൃഷി, തുടങ്ങിയ ജോലികളിൽ അവസരം നൽകും. തൊഴിലുറപ്പിന്റെ കൂലി 20 രൂപ വർദ്ധിപ്പിച്ച് 202 രൂപയാക്കിയത് ഗുണം ചെയ്യും. അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണമൊരുക്കാൻ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിന് കീഴിൽ സംസ്ഥാന സർക്കാരുകൾക്ക് ഏപ്രിൽ രണ്ടിന് 11002 കോടിരൂപ കൈമാറി. നഗരങ്ങളിൽ ഷെൽട്ടറുകളിൽ കഴിയുന്ന പാവപ്പെട്ടവർക്ക് മൂന്നുനേരം ഭക്ഷണത്തിന് ഏർപ്പാടുണ്ടാക്കി. 12,000 സ്വയം സഹായ ഗ്രൂപ്പുകൾ വഴി മൂന്നുകോടി മാസ്‌കുകളും 1.20ലക്ഷം സാനിറ്റൈസറും നിർമ്മിച്ച് അവർക്ക് തൊഴിലുറപ്പാക്കി. ഗുജറാത്തിൽ വിജയകരമായി നടപ്പിലാക്കിയ സ്വയം സഹായ സംഘങ്ങൾക്ക് ഫണ്ട് വിതരണത്തിനുള്ള പൈസാ പോർട്ടൽ ഈമാസം രാജ്യ വ്യാപകമാക്കി.
അതേ സമയം,അസംഘടിതരായ അന്യ സംസ്ഥാന തൊഴിലാളി സമൂഹത്തിന്റെ അക്കൗണ്ടുകളിൽ പണമെത്തിക്കലാണ് അടിയന്തര ആവശ്യമെന്നും പിന്നീട് നടപ്പാക്കുന്ന പദ്ധതികളും വരും മാസങ്ങളിൽ നൽകുമെന്ന് അവകാശപ്പെടുന്ന ഇളവുകളും പ്രയോജനപ്പെടില്ലെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |