ലപ്പുറം: ഓൺലൈൻ വഴി സ്ത്രീകളുടെ പേരിൽ അശ്ലീല ചാറ്റിംഗ് നടത്തി പണം തട്ടിയ യുവാവിനെ മലപ്പുറം പൊലീസ് പിടികൂടി. പെരിന്തൽമണ്ണ കുന്നക്കാവ് സ്വദേശി പാറക്കൽ വീട്ടിൽ അബ്ദുസമദാണ്(26) പിടിയിലായത്. ഓൺലൈൻ വഴി സ്ത്രീകളുടെ ചിത്രങ്ങൾ കാണിച്ച് പ്രലോഭിപ്പിച്ച് ആളുകളെ വലയിലാക്കി പണം ആവശ്യപ്പെടുന്നതാണ് പ്രതിയുടെ രീതി. വാട്ട്സ് ആപ്പ് വഴി വീഡിയോകോൾ, വോയ്സ് കോൾ, ചാറ്റിംഗ്, ഡെമോ തുടങ്ങിയവയ്ക്കെന്ന വ്യാജേന 19 ലക്ഷത്തോളം രൂപ പലരിൽ നിന്നായി തട്ടിയെടുത്തിട്ടുണ്ട്. ചെറിയ തുകയായിരുന്നതിനാൽ ആരും പരാതിപ്പെട്ടിരുന്നില്ല. എന്നാൽ അടുത്തകാലത്തായി ചാറ്റിംഗിന്റെ സ്ക്രീൻഷോട്ട് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ തുടങ്ങിയതോടെയാണ് ഇയാൾക്കെതിരെ പരാതി സ്റ്റേഷനിലെത്തിയത്.
പരീക്ഷണമായി 400 രൂപ ഇയാൾ പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ടാൽ ഏതെങ്കിലും ഒരു സ്ത്രീയുടെ രണ്ട് ഫോട്ടോകൾ ആവശ്യക്കാരനെ അയച്ചുകൊടുക്കും.വീഡിയോ ചാറ്റിംഗ് നടത്താൻ 1,500 രൂപ മുതൽ 2,000 രൂപ വരെ ആവശ്യപ്പെടും. ഈ തുക പ്രതിയുടെ അക്കൗണ്ടിൽ കയറിയാൽ ആവശ്യക്കാരനെ വാട്‌സ് ആപ്പിൽ ബ്ലോക്ക് ചെയ്ത് മുങ്ങും. ഇതിനായി മറ്റൊരു സ്ത്രീയുടെ അക്കൗണ്ടാണ് ഇയാൾ ഉപയോഗപ്പെടുത്തിയിരുന്നത്. 2018 ഡിസംബർ മുതൽ 2020 ഏപ്രിൽ വരെയുള്ള കാലയളവിലായി 19 ലക്ഷത്തിലധികം തുക ഈ അക്കൗണ്ടിലൂടെ പ്രതി സമ്പാദിച്ചു.
സി.ഐ എ. പ്രേംജിത്ത്, എസ്.ഐമാരായ സംഗീത് പുനത്തിൽ, ഇന്ദിരാമണി, എസ്.പി.സി.ഒ. ഹമീദലി, സി.പി.ഒമാരായ ഹരിലാൽ, ദിനു, ഷൈജൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |