കൊച്ചി: കൊവിഡും ലോക്ക്ഡൗണും മൂലം സമ്പദ് ആഘാതമേറ്റ വിഭാഗങ്ങൾക്ക് ആത്മനിർഭർ ഇന്ത്യാ സാമ്പത്തിക പാക്കേജിൽ പരിഗണന നൽകാൻ ധനമന്ത്രി നിർമ്മല സീതാരാമന് കഴിയുന്നുണ്ടെങ്കിലും പ്രഖ്യാപനങ്ങൾ പ്രാവർത്തികമാക്കുന്നത് എങ്ങനെയെന്ന് കണ്ടറിയണമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ നിലപാട്. കുടിയേറ്റ തൊഴിലാളികൾ, കർഷകർ, ചെറുകിട കച്ചവടക്കാർ, വഴിയോര കച്ചവടക്കാർ, ഇടത്തരം വരുമാനക്കാർ എന്നിവരിലാണ് ഇന്നലെ ധനമന്ത്രി ശ്രദ്ധ കേന്ദ്രീകരിച്ചത്.
പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നത് എങ്ങനെയെന്നാണ് വിപണി ഉറ്റുനോക്കുന്നതെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ സീനിയർ മാർക്കറ്ര് സ്‌ട്രാറ്റജിസ്‌റ്ര് സോണി മാത്യൂസ് പറഞ്ഞു. പ്രഖ്യാപനങ്ങൾ ഗുണകരമാണെങ്കിലും ആഗോള സൂചികകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും ഇന്ന് ഓഹരി വിപണിയുടെ പ്രകടനമെന്നും അദ്ദേഹം പറഞ്ഞു.
സമ്പദ്ഞെരുക്കം നേരിടുന്നവർക്ക് വായ്‌പാ പിന്തുണ നൽകാനാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെയും ശ്രദ്ധിച്ചതെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തിക വിദഗ്ദ്ധ ദീപ്‌തി മേരി മാത്യു പറഞ്ഞു. നിലവിലുള്ള പദ്ധതികളുടെ ഒരു വിപുലീകരണമാണ് ഇന്നലെയും ധനമന്ത്രിയിൽ നിന്ന് കേട്ടത്. 'ഒരു രാജ്യം, ഒരു റേഷൻ കാർഡ്" പദ്ധതി ദീർഘകാല അടിസ്ഥാനത്തിലേ പ്രയോജനപ്പെടൂ. ഇന്നലെ പ്രഖ്യാപിച്ച ഒട്ടുമിക്ക പദ്ധതികൾക്കും ഈ സ്വഭാവമുണ്ട്.
താഴ്‌ന്ന വരുമാനക്കാരെ സഹായിക്കാൻ നേരിട്ടുള്ള പണം കൈമാറ്രം ഉൾപ്പെടെയുള്ള നടപടികളാണ് ഇപ്പോൾ ആവശ്യം. കാരണം, അവരെയാണ് നിലവിലെ പ്രതിസന്ധി ഏറ്രവും രൂക്ഷമായി ബാധിച്ചിരിക്കുന്നതെന്നും ദീപ്‌തി മേരി മാത്യു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |