തിരുവനന്തപുരം: ഡൽഹിയിൽ നിന്നുള്ള രാജധാനി സൂപ്പർ ഫാസ്റ്റ് സ്‌പെഷ്യൽ ട്രെയിൻ പുലർച്ചെ 5.15ന് തിരുവനന്തപുരത്തെത്തി. കോഴിക്കോട് നിന്ന് ബുക്കു ചെയ്ത ടിക്കറ്റുകൾ റദ്ദാക്കിയതിനാൽ 417 പേർക്ക് കയറാൻ സാധിച്ചില്ല. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമാണിത്. ഇവർക്ക് പണം തിരികെ നൽകും. എറണാകുളത്ത് നിന്ന് ആരും ബുക്ക് ചെയ്തിരുന്നില്ല. ഡൽഹിയിൽ റെഡ് സോണിൽ നിന്നുള്ളവരും ട്രെയിനിലുണ്ടെന്നും സംസ്ഥാനത്തു നിന്ന് ആളുകൾ കയറിയാൽ അവർക്കും രോഗ വ്യാപന സാദ്ധ്യതയുണ്ടെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടുകയായിരുന്നു.
ബുധനാഴ്ചയാണ് ട്രെയിൻ പുറപ്പെട്ടത്. ആകെ 8 സ്റ്റോപ്പുകൾ. ഒരു എ.സി ഫസ്റ്റ് ക്ലാസ്, 5 സെക്കൻഡ് എസി, 11തേർഡ് എസി കോച്ചുകളിലായി 1490 യാത്രക്കാരായിരുന്നു ആകെ. കോഴിക്കോട്ട് 205, എറണാകുളത്ത് 300, തിരുവനന്തപുരത്ത് 602 യാത്രക്കാർ ഇറങ്ങി.
റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ വിശദാംശങ്ങൾ പരിശോധിച്ചു. തെർമൽ സ്കാനർ ഉപയോഗിച്ച് ഊഷ്മാവ് അളന്ന് രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റൈൻ നിർദ്ദേശിച്ചു. രോഗ ലക്ഷണമുള്ളവരെ സർക്കാരിന്റെ ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റി.
വീടുകളിലേക്കു പോകാൻ ഡ്രൈവർ മാത്രമുള്ള വാഹനങ്ങൾക്കാണ് അനുവാദം. യാത്രയ്ക്ക് ശേഷം ഡ്രൈവറും ഹോം ക്വാറന്റൈൻ സ്വീകരിക്കണം. വാഹനമില്ലാത്തവരെ കെ.എസ്.ആർ.ടി.സി ബസുകൾ അതത് ജില്ലകളിൽ എത്തിക്കുന്നു.
കൊവിഡ് 19 ജാഗ്രതാപോർട്ടലിൽ പാസിന് അപേക്ഷിക്കാതെ വരുന്നവരെ 14 ദിവസം നിർബന്ധിത ക്വാറന്റൈനിലാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |