കോട്ടയം : കൊവിഡ് പ്രതിരോധത്തിന് ധരിച്ച മാസ്‌കുകളും ഗ്ലൗസുകളും ഉപയോഗ ശേഷം വഴിയോരങ്ങളിൽ വലിച്ചെറിയുന്നത് വ്യാപകമായി. ഇവയുടെ സംസ്കരണം ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്നതിനാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് പുതിയ തലവേദനയായി. നിലവിൽ വലിയ ആശുപത്രികളിൽ മാത്രമാണ് ബയോ മെഡിക്കൽ മാലിന്യങ്ങൾ സംസ്‌കരിക്കാൻ സൗകര്യമുള്ളത്.
മാസ്‌ക് ധരിക്കുന്നത് സർക്കാർ കർശനമാക്കി. ലംഘിക്കുന്നവരിൽ നിന്ന് 200 രൂപ പിഴ ഈടാക്കാൻ തുടങ്ങിയതോടെ ഉപയോഗം വ്യാപകമായെങ്കിലും ഉപയോഗശേഷം ഇവ ശാസ്ത്രീയമായി നശിപ്പിക്കാനാകാത്തതാണ് പ്രതിസന്ധി. ഉപയോഗിച്ച മാസ്കുകളും ഗ്ലൗസും മിക്കവരും അലക്ഷ്യമായി വലിച്ചെറിയുകയോ റോഡരുകിൽ മറ്റു മാലിന്യങ്ങൾക്കൊപ്പം തള്ളുകയോ ആണ്. നിലവിൽ ജൈവ, പ്ലാസ്റ്റിക് മാലിന്യങ്ങൾക്കൊപ്പമാണ് ഉപയോഗിച്ച മാസ്കുകൾ തള്ളുന്നത്. ശാസ്ത്രീയമായി സംസ്‌കരിക്കാൻ സൗകര്യമില്ലാത്തതിനാൽ വഴിയോരത്തും ഫ്ലാറ്റുകളിലുമുള്ള മാലിന്യ പോയിന്റുകളിൽ നിന്ന് ശുചീകരണ തൊഴിലാളികൾ ഇവ കൊണ്ടുപോകുകയാണ്. പ്ലാസ്റ്റിക് കൂടുകളിൽ വഴിയരികിൽ തള്ളുന്ന ബയോ മെഡിക്കൽ മാലിന്യങ്ങൾ തെരുവു നായ്ക്കളും മറ്റും കടിച്ചുകീറി പുറത്തിടുന്നത് രോഗവ്യാപനത്തിനിടയാക്കും.
നിരീക്ഷണത്തിലുള്ളവർ ഉപേക്ഷിക്കുന്ന മാലിന്യവും വെല്ലുവിളി
വീടുകളിൽ കൊവിഡ് നീരീക്ഷണത്തിൽ കഴിയുന്നവർ ഉപേക്ഷിക്കുന്ന മാലിന്യം ഏറ്റെടുക്കുന്നതും വെല്ലുവിളിയായി. ബയോ മെഡിക്കൽ മാലിന്യങ്ങൾ പ്രത്യേകമായി കത്തിച്ചുകളയുകയോ അല്ലെങ്കിൽ പ്ലാസ്റ്റിക് കവറിനുള്ളിൽ നിക്ഷേപിച്ച് മുറുക്കികെട്ടി ശുചീകരണ തൊഴിലാളികൾക്ക് കൈമാറുകയോ ചെയ്യണമെന്നാണ് തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നൽകിയ നിർദ്ദേശം.
കർശന നടപടി
ഉപയോഗിച്ച മാസ്കുകളും ഗ്ലൗസും പൊതു വഴികളിൽ ഉപേക്ഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കും. ഡിസ് പോസിബിൾ മാസ്ക് ഉപയോഗിക്കുന്നവർ മറ്റുള്ളവർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാതെ നോക്കണം. പൗരബോധം പ്രകടിപ്പിച്ച് വീടുകളിൽ തന്നെ ഇവ സംസ്കരിക്കണം.
പി.കെ. സുധീർബാബു
ജില്ലാ കളക്ടർ കോട്ടയം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |