ജറുസലേം: ഇസ്രായേലിൽ നാളെ നടത്താനിരുന്ന നെതന്യാഹു-ഗാന്റ്വ ഐക്യ സർക്കാരിന്റെ സത്യപ്രതിജ്ഞ മാറ്റി. മന്ത്രിസഭയിലെ ലികുഡ് പാർട്ടി പ്രതിനിധികളുടെ കാര്യത്തിൽ അന്തിമ തീരുമാനമാകാത്ത സാഹചര്യത്തിലാണിത്. ഭരണ പ്രതിസന്ധി രൂക്ഷമായ ഇസ്രായേലിൽ ഐക്യ സർക്കാർ രൂപീകരിക്കാൻ ഏപ്രിൽ 21നാണ് ലികുഡ് പാർട്ടിയുടെ ബെഞ്ചമിൻ നെതന്യാഹുവും ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയുടെ ബെന്നി ഗാന്റ്വും ഉടമ്പടിയിൽ ഒപ്പുവെച്ചത്. ഉടമ്പടി പ്രകാരം നെതന്യാഹു ഒന്നര വർഷം പ്രധാനമന്ത്രി പദവിയിൽ തുടരും. ശേഷമുള്ള ഒന്നര വർഷം ഗാന്റ്വ പ്രധാനമന്ത്രിയാകും. നിലവിൽ പ്രതിരോധമന്ത്രി പദം ഗാന്റ്വ വഹിക്കും. കഴിഞ്ഞ ഏപ്രിൽ, സെപ്തംബർ മാസങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ പാർട്ടി കേവല ഭൂരിപക്ഷം നേടുന്നതിൽ പരാജയപ്പെട്ടിരുന്നു. 120 അംഗ നെസറ്റിൽ 61 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. 33 സീറ്റ് നേടിയ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |