കൊച്ചി: പ്രധാനമന്ത്രിയുടെ 'ആത്മനിർഭർ ഭാരത്" രക്ഷാപാക്കേജിന്റെ ഭാഗമായി ഇന്നലെ ധനമന്ത്രി നിർമ്മല സീതാരാമൻ കാർഷിക, മത്സ്യബന്ധന, ഭക്ഷ്യസംസ്കരണ മേഖലകൾക്കായി പ്രഖ്യാപിച്ച ആശ്വാസ പദ്ധതികൾ കേരളത്തിന് പ്രയോജനപ്പെടുത്താനാകുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിൽ 30 ശതമാനവും കയറ്റുമതിയിൽ 40 ശതമാനത്തിലേറെയും എം.എസ്.എം.ഇയുടെ സംഭാവനയാണ്.
രാജ്യത്തെ മൊത്തം എം.എസ്.എം.ഇകളുടെ എണ്ണത്തിൽ 12-ാം സ്ഥാനത്താണ് കേരളം. ഏകദേശം 24 ലക്ഷത്തോളം എം.എസ്.എം.ഇകൾ കേരളത്തിലുണ്ട്. അതിൽ മുന്തിയപങ്കും മൈക്രോ സംരംഭങ്ങളാണ്. അവയിൽ തന്നെ കൂടുതലും ശ്രദ്ധിക്കുന്നത് ഭക്ഷ്യസംസ്‌കരണ രംഗത്തും. മൈക്രോ ഫുഡ് സംരംഭങ്ങൾക്ക് (എം.എഫ്.ഇ) 10,000 കോടി രൂപയുടെ ഫണ്ടാണ് ധനമന്ത്രിയുടെ വാഗ്‌ദാനം.
പ്രധാനമന്ത്രിയുടെ 'വോക്കൽ ഫോർ ലോക്കൽ, ഗ്ളോബൽ ഔട്ട്‌റീച്ച്" ലക്ഷ്യത്തിന് കരുത്തേകാനായി, ഈ ഫണ്ട് പ്രയോജനപ്പെടുത്താമെന്ന് ധനമന്ത്രി പറയുന്നു. ഉയർന്ന നിലവാരത്തോടെ, ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ ഈ മേഖലയ്ക്ക് അവസരമൊരുക്കും. രണ്ടുലക്ഷം എം.എഫ്.ഇകൾക്കാണ് ഫണ്ട് ഉപകരിക്കുക. ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, കർഷക സഹകരണ സംഘങ്ങൾ തുടങ്ങിയവയ്ക്കും സഹായം നൽകും.
എം.എഫ്.ഇകൾക്ക്, നിലവിലെ സാഹചര്യത്തിൽ ഏറെ പ്രയോജനകരമാണ് ധനമന്ത്രിയുടെ പ്രഖ്യാപനമെന്ന് ഈസ്‌റ്രേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ 'കേരളകൗമുദി"യോട് പറഞ്ഞു. ചെറുകിടക്കാരാണ് ഏറ്റവുമധികം തൊഴിലുകൾ സൃഷ്‌ടിക്കുന്നത്. വൻകിട കമ്പനികളിൽ ജോലി ചെയ്യുന്നത് 'ടെക്‌നോളജി"യാണ്. ഈ സാഹചര്യത്തിൽ, ലോക്ക്ഡൗണിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട ചെറുകിടക്കാർക്ക് പിന്തുണ നൽകുന്നത് ഗുണം ചെയ്യും. ഈ രംഗത്ത് ഒട്ടേറെ വനിതാ സംരംഭകരുണ്ട്. അവർക്കും ഇതു നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
ഔഷധ സസ്യകൃഷി പ്രോത്സാഹനത്തിന് 4,000 കോടി രൂപ മാറ്റിവച്ചത്, കേരളത്തിന് പ്രയോജനപ്പെടുത്താമെന്ന് ധാത്രി ആയുർവേദ മാനേജിംഗ് ഡയറക്‌ടർ ഡോ.എസ്. സജികുമാർ പറഞ്ഞു. 'റീബിൾഡ്" കേരളക്കൊപ്പം ചേർത്ത്, കേരളത്തിലെ നദികൾക്ക് അരികിൽ ഔഷധസസൃകൃഷി നടപ്പാക്കാം. ചെറുകിട സംരംഭമായി ഇതു മാറ്രാനാകുമെന്നതും നോക്കണം. കേരളത്തിന്റെ ഭൂപ്രകൃതിയും 'ഹെൽത്ത് ഡെസ്‌റ്രിനേഷൻ" എന്ന പെരുമയും അനുകൂലമാണ്. ആയുർവേദത്തിന്റെ നാടാണ് കേരളമെന്ന നേട്ടവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സമുദ്രോത്പന്ന കയറ്റുമതി ഇരട്ടിയാക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനവും കേരളത്തിന് നേട്ടമാണ്. പ്രതിവർഷം 50,000 കോടി രൂപയുടേതാണ് ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി. ഇതിൽ, മികച്ച പങ്കു വഹിക്കുന്നത് കേരളമാണ്. ലോക്ക്ഡൗണിൽ മത്സ്യബന്ധന മേഖല കനത്ത നഷ്‌ടം നേരിടുന്ന സാഹചര്യത്തിലാണ്, അടിസ്ഥാനസൗകര്യം ഉയർത്തുന്നത് ഉൾപ്പെടെയുള്ള കേന്ദ്ര പ്രഖ്യാപനം.
ഉത്തേജനം ഒറ്റനോട്ടത്തിൽ
കാർഷിക മേഖലയ്ക്ക് ഒരുലക്ഷം കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസനഫണ്ട്.
മൈക്രോ ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾക്ക് ₹10,000 കോടി
പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയിലൂടെ ₹20,000 കോടി
ക്ഷീരകർഷക/അനുബന്ധ മേഖലയ്ക്ക് ₹15,000 കോടി
ഔഷധസസ്യ കൃഷി പ്രോത്സാഹനത്തിന് ₹4,000 കോടി
കാർഷികോത്പന്നങ്ങളുടെ വില നിശ‌്ചയിക്കാൻ കർഷകന് അവസരം
വിതരണ ശൃംഖല മെച്ചപ്പെടുത്താനും ഫണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |