ന്യൂഡൽഹി: ലോക്ക് ഡൗണിനിടെ സ്വന്തം നാട്ടിലേക്ക് നടന്ന് പോകുന്ന അന്യസംസ്ഥാന തൊഴിലാളികളെ എങ്ങനെ തടയാനാകുമെന്ന് സുപ്രീംകോടതി ചോദിച്ചു. കുടിയേറ്റത്തൊഴിലാളികളെ നാട്ടിലേക്ക് നടന്നുപോകാൻഅനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ പരാമർശം. ഇതൊന്നും നിരീക്ഷിക്കാൻ കോടതിക്ക് കഴിയില്ല. ഇക്കാര്യത്തിൽ അതത് സംസ്ഥാന സർക്കാരുകൾ ഉചിതമായ തീരുമാനമെടുക്കട്ടെയെന്ന് ജസ്റ്റിസുമാരായ എൽ.നാഗേശ്വര റാവു അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിർദ്ദേശിച്ചു.
പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഹർജികളുമായി അഭിഭാഷകർ എത്തുന്നത്. എല്ലാ അഭിഭാഷകർക്കും സ്പെഷ്യൽ പാസുകൾ നൽകാം. സർക്കാരിന്റെ നിർദേശങ്ങൾ അവിടെ നടപ്പിലാകുന്നുണ്ടോയെന്ന് നിങ്ങൾ പോയി പരിശോധിക്കൂയെന്നും കോടതി പറഞ്ഞു.
മഹാരാഷ്ട്രയിൽ റെയിൽവേ പാളത്തിലുറങ്ങിക്കിടന്ന 16 തൊഴിലാളികൾ ട്രെയിൻ കയറി മരണമടഞ്ഞ സംഭവവും ഹർജിയിൽ സൂചിപ്പിച്ചിരുന്നു. 'റെയിൽവേ ട്രാക്കിൽ അവർ ഉറങ്ങാൻ തീരുമാനിച്ചാൽ ആർക്കാണ് തടയാൻ കഴിയുക 'എന്നും കോടതി ചോദിച്ചു. കുടിയേറ്റത്തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കാൻ ജില്ലാ മജിസ്ട്രേറ്റുകളുടെ നേതൃത്വത്തിൽ നിരീക്ഷണ സംവിധാനമേർപ്പെടുത്തണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ട്രെയിൻ സർവീസുകൾ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |