മലപ്പുറം: കൊവിഡ് ആശങ്കകൾക്കിടെ അബുദബിയിൽ നിന്ന് 180 പ്രവാസികൾ ഇന്നലെ പുലർച്ചെ 2.12ന് കരിപ്പൂരിലെ റൺവെയിൽ പറന്നിറങ്ങി. മലപ്പുറം സ്വദേശികളായ 90 യാത്രക്കാരാണ് ഈ വിമാനത്തിൽ ഉണ്ടായിരുന്നത്. ആലപ്പുഴ - ഒന്ന്, കാസർക്കോട് -രണ്ട്, കണ്ണൂർ-ഏഴ്, കൊല്ലം-രണ്ട്, കോഴിക്കോട് -49, പാലക്കാട്-15, വയനാട്-12 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ യാത്രക്കാർ. ഇവരെ കൂടാതെ തമിഴ്നാട്, മാഹി സ്വദേശികളായ ഓരോരുത്തരും തിരിച്ചെത്തിയ സംഘത്തിലുണ്ടായിരുന്നു.
എയ്‌റോ ബ്രിഡ്ജിൽവച്ചുതന്നെ മുഴുവൻ യാത്രക്കാരുടേയും ശരീരോഷ്മാവ് പരിശോധിച്ച ശേഷം ആരോഗ്യ വകുപ്പിന്റെ പ്രത്യേക പരിശോധനകൾക്ക് വിധേയരാക്കി. കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയ നാല് പേരെ കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. മൂന്ന് മലപ്പുറം സ്വദേശികൾ, ഒരുകോഴിക്കോട് സ്വദേശി എന്നിവർക്കാണ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. മലപ്പുറം സ്വദേശികളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. മറ്റു യാത്രക്കാർക്കൊപ്പം വിമാനത്താവളത്തിനുള്ളിൽ പ്രവേശിപ്പിക്കാതെ റൺവെയിൽത്തന്നെ 108 ആംബുലൻസുകൾ കൊണ്ടുവന്നാണ് ഇവരെ ആശുപത്രികളിലേയ്ക്ക് മാറ്റിയത്. ഇവരെ കൂടാതെ നേരിയ ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ട മലപ്പുറം സ്വദേശിയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കും മാറ്റി. വൃക്ക രോഗത്തിന് ചികിത്സയിലുള്ള മലപ്പുറം സ്വദേശിയേയും മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ള രണ്ട് കോഴിക്കോട് സ്വദേശികളേയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ ആംബുലൻസികളിലാണ് ഇവരെ കൊണ്ടുപോയത്.
83 പേർ പ്രത്യേക നിരീക്ഷണത്തിൽ
യാത്രക്കാരിൽ 83 പേരേയാണ് വിവിധ കൊവിഡ് കെയർ സെന്ററുകളിലാക്കിയത്. 80 പേരെ വിവിധ ജില്ലകളിലായി സർക്കാർ ഒരുക്കിയ കൊവിഡ് കെയർ സെന്ററുകളിലേക്കും മൂന്ന് പേരെ അവർ ആവശ്യപ്പെട്ട പ്രകാരം സ്വന്തം ചെലവിൽ കഴിയേണ്ടുന്ന പ്രത്യേക കൊവിഡ് കെയർ സെന്ററുകളിലേയ്ക്കും മാറ്റി. ജില്ലയിലെ 31 പേരാണ് വിവിധ കൊവിഡ് കെയർ സെന്ററുകളിലുള്ളത്. മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്ത 88 പേരെ സ്വന്തം വീടുകളിലേയ്ക്ക് പ്രത്യേക നിരീക്ഷണത്തിന് അയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |