വാഷിംഗ്ടൺ: അമേരിക്ക, ബ്രസീൽ, റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളെ വിടാതെ പിടിച്ച് കൊവിഡ് 19. ബ്രസീലിലാണ് സ്ഥിതി ഏറെ രൂക്ഷം. 24 മണിക്കൂറിനിടെ 14,919 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 233,142 ആയി ഉയർന്നു. ഇതോടെ രോഗികളുടെ എണ്ണത്തിൽ ബ്രസീൽ ലോകത്ത് നാലാം സ്ഥാനത്തെത്തി. പ്രതിദിന മരണം ഒറ്റയടിയ്ക്ക് 800 കവിഞ്ഞു. ആകെ മരണം, 15,662.
രോഗവ്യാപനം ഉയരുന്നതിനിടയിലും രാജ്യത്തെ സാമ്പത്തികാവസ്ഥ തകരുമെന്നും അതിനാൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കണമെന്നാണ് പ്രസിഡന്റ് ജെയർ ബൊൽസൊനാരോ പറയുന്നത്. സംസ്ഥാന ഗവർണർമാരുടെ എതിർപ്പ് അവഗണിച്ച് ഇതിനായി നടപടികളിലേക്ക് നീങ്ങുകയാണ് അദ്ദേഹം. കൊവിഡ് മൂലം നൂറു വർഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് രാജ്യം കൂപ്പുകുത്തുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്.
അമേരിക്കയിൽ മരണം 90000 കടന്നു. തലസ്ഥാന നഗരിയായ വാഷിംഗ്ടണിൽ മാത്രം ഇന്നലെ 1000 പേർ മരിച്ചു. മരണം ഒരു ലക്ഷം കവിഞ്ഞേക്കാമെന്ന ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ് സത്യമാകുന്ന നിലയിലേക്കാണ് അമേരിക്കയുടെ പോക്ക്. നിലവിൽ 15 ലക്ഷത്തിലധികം പേർ ചികിത്സയിലാണ്. ബ്രിട്ടനിൽ പ്രതിദിന മരണം 400ൽ എത്തിയെങ്കിലും ആശ്വസിക്കാൻ സമയമായിട്ടില്ല. നേരത്തെ 600ൽ അധികം പേർ പ്രതിദിനം മരിച്ചിരുന്നു. ആകെ മരണം 34,466. രണ്ട് ലക്ഷത്തിലേറെപ്പേർ ചികിത്സയിൽ.
രോഗികളുടെ എണ്ണം: റഷ്യ രണ്ടാമത്
റഷ്യയിൽ ഇന്നലെ മാത്രം 9,709 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രോഗികൾ 281,752 ആയി. ഇതോടെ ബ്രിട്ടനെ പിൻന്തള്ളി രോഗികളുടെ എണ്ണത്തിൽ റഷ്യ ലോകത്ത് രണ്ടാമതെത്തി. രോഗവ്യാപനം വളരെ കൂടുതലാണെങ്കിലും റഷ്യയിൽ മരണനിരക്ക് ഇപ്പോഴും കുറവാണ്. പ്രതിദിന മരണം 100ൽ ഒതുങ്ങുന്നുണ്ട്. ആകെ മരണം 2,631.
ലോകത്താകെ മരണം 3.1 ലക്ഷം
രോഗികൾ 47 ലക്ഷത്തിലധികം
ഭേദമായവർ 18 ലക്ഷത്തിലേറെ
സിംബാവേ ലോക്ക് ഡൗൺ നീട്ടി.
ഇറാനിൽ ഈദുൾ ഫിത്തർ പ്രാർത്ഥനകൾ പൊതു സ്ഥലങ്ങളിൽ നടത്താം.
ജപ്പാനിൽ ആരോഗ്യവിദഗ്ദ്ധർ മാസ്ക് ക്ഷാമം നേരിടുന്നു.
ആസ്ട്രേലിയയിൽ കുർബാനകൾ പുനഃരാരംഭിച്ചു.
ശ്രീലങ്കയിൽ വീണ്ടും കർഫ്യൂ.
ദക്ഷിണ കൊറിയയിൽ 13 പുതിയ കേസുകൾ.
ചൈനയിൽ അഞ്ച് കേസുകൾ
തുർക്കിയിൽ വൈറസ് വ്യാപനത്തിന് നേരിയ ശമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |