ചങ്ങനാശേരി: പായിപ്പാട് ക്യാമ്പിൽ നിന്ന് 1180 അന്യസംസ്ഥാന തൊഴിലാളികൾ ഇന്ന് നാട്ടിലേയ്ക്ക് മടങ്ങുന്നു. പശ്ചിമബംഗാൾ സർക്കാരിൽ നിന്ന് അനുമതി ലഭിച്ചതിനെ തുടർന്നാണിത്. ജില്ലയിൽ ഏറ്റവും കൂടുതൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നത് പായിപ്പാട് ക്യാമ്പിലാണ്. 4075 പേർ .
ഇന്ന് രാവിലെ എട്ടോടെ കോട്ടയം, ചങ്ങനാശേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള 34 ബസുകൾ പായിപ്പാട് എത്തും. ഇവിടെ നിന്നും 35 പേരെ വീതം ഓരോ ബസുകളിലായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിലും തുടർന്ന് കോട്ടയം റെയിൽവേ സ്‌റ്റേഷനിലും എത്തിക്കും. ആരോഗ്യപരിശോധന നടത്തിയശേഷമാണ് ട്രെയിനിൽ കയറ്റുക. ഭക്ഷണവും വെള്ളവും ജില്ലാ ഭരണകൂടം സജ്ജമാക്കിയിട്ടുണ്ട്. മുർഷിദാബാദ് മാൾഡാ ട്രെയിനിലാണ് ഇവരെ യാത്രയാക്കുന്നത്.
ചങ്ങനാശേരി താലൂക്കിൽ തിങ്കളാഴ്ച മടങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പരിശോധന പൂർത്തിയായി. എല്ലാ സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞുവെന്ന് ചങ്ങനാശേരി തഹസിൽദാർ ജിനു പുന്നൂസ് അറിയിച്ചു. തൃക്കൊടിത്താനം സി.ഐ അനൂപ് കൃഷ്ണ, എൽ.ആർ തഹസിൽദാർ ഫ്രാൻസിസ് വി സാവിയോ, പായിപ്പാട് കുടുംബാരോഗ്യകേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറും ക്യാമ്പ് കോ ഒാർഡിനേറ്ററുമായ ജെ. ജയപ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ബിനു, ലതാ കുമാരി, സിസിലി ജോസഫ്, എം.ഡി പുഷ്പാമോൾ, പി.എം ബിന്ദുമോൾ, കെ.കെ. ഇന്ദുമതി, രമാദേവി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നല്കി.
ജില്ലയിലെ ഏറ്റവും വലിയ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പ്
കൂട്ടമായി തെരുവിലിറങ്ങിയതിന്റെ പേരിൽ വിവാദമായ ക്യാമ്പ്
ഇതേത്തുടർന്ന് തൊഴിലാളികൾക്ക് സൗകര്യങ്ങൾ ലഭ്യമാക്കി
ജില്ലയിൽ നിന്ന് മറ്റു സംസ്ഥാനത്തേയ്ക്ക് തിരിച്ചയയ്ക്കുന്ന ആദ്യസംഘം
പായിപ്പാട് ക്യാമ്പിലുള്ളവർ
4075
ഇന്നു മടങ്ങുന്നത്
1180
പായിപ്പാട് ക്യാമ്പിലെ തൊഴിലാളികളെ പശ്ചിമബംഗാളിലേയ്ക്ക് അയയ്ക്കുന്നതിനുള്ള തെയ്യാറെടുപ്പുകൾ പൂർത്തിയായി. അടുത്തഘട്ടത്തിൽ താലൂക്കിലെ മറ്റിടങ്ങളിൽ നിന്നുള്ളവരെയും മടക്കിയയ്ക്കും.
വിനോദ് , ജില്ലാ ലേബർ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |