അഞ്ചുദിവസം ജില്ലയിൽ ശക്തമായ മഴ
ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്ന് ഗ്രീൻസോൺ ആയ ജില്ലയെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 'യെല്ലോ അലർട്ടി'ൽ ഉൾപ്പെടുത്തി നിരീക്ഷിക്കുന്നതിനാൽ കടുത്ത ജാഗ്രത തുടരേണ്ട സാഹചര്യം. ആലപ്പുഴ ഉൾപ്പെടെ 9 ജില്ലകളിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മാന്നാറിൽ വൃദ്ധയും മരുമകളും വൈദ്യുതാഘാതമേറ്റു മരിച്ച സംഭവം ഇനിയുണ്ടാവാൻ പോവുന്ന മഴക്കാല ദുരന്തങ്ങളുടെ ചൂണ്ടുപലകയായി മാറുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയും കാറ്റും ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ നാശം വിതച്ചു. കടൽ പ്രക്ഷുദ്ധമായതോടെ കടൽകയറ്റം ശക്തമായി. തീരക്കടലിൽ നങ്കൂരമിട്ടിരുന്ന ചില വള്ളങ്ങൾ കാറ്റിലും തിരമാലയിലും കൂട്ടിയിടിച്ച് തകർന്നു. കുട്ടനാട്ടിൽ കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ നിന്ന് സംഭരിക്കാതിരുന്ന നെല്ല് മഴയിൽ കുതിർന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ വിവിധ താലൂക്കുകളിലായി ഒരുകോടിയുടെ നാശനഷ്ടം റിപ്പോർട്ട് ചെയ്തു. മരം വീണ് ലൈൻ പൊട്ടിയതു മൂലം പലേടത്തും മണിക്കൂറുകളോളം വൈദ്യുതി ബന്ധം തകരാറിലായി. കിഴക്കൻ പ്രദേശത്ത് മഴ ശക്തമായതിനാൽ പമ്പയാറ്റിൽ ജലനിരപ്പ് ഉയർന്നു തുടങ്ങിയിട്ടും തോട്ടപ്പള്ളി സ്പിൽവേയിലെ മണൽ ചാൽ വെട്ടാനുള്ള ജോലികൾ ആരംഭിച്ചില്ല. ഷട്ടറുകൾ ഭൂരിഭാഗവും ഉയർത്തിയിട്ടുണ്ട്.
കാർത്തികപ്പള്ളി, അമ്പലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിലാണ് മഴ കൂടുതൽ നാശം വിതച്ചത്. അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളുടെ തീരത്ത് ശക്തമായ കാറ്റിൽ കടൽ പ്രക്ഷുബുദ്ധമായി. ഇന്നലെ മാവേലിക്കര താലൂക്കിലെ വള്ളികുന്നം, താമരക്കുളം, ചെട്ടികുളങ്ങര, ചാരൂംമൂട് പ്രദേശങ്ങളിൽ രാവിലെ മുതൽ കനത്ത മഴയും ഇടിയും ശക്തമായ കാറ്റുമാണ് അനുഭവപ്പെട്ടത്. നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തഹസീൽദാർ പറഞ്ഞു. കുട്ടനാട് നെടുമുടി പഞ്ചായത്തിൽ വിളവെടുപ്പ് പൂർത്തീകരിച്ച കരിയമ്പള്ളി, ഇടശ്ശേരി പാടശേഖരങ്ങളിലെ നെല്ല് സംഭരിക്കാത്തത് കർഷകരെ ബുദ്ധിമുട്ടിലാക്കി. വേനൽമഴയുടെ പേരിൽ മില്ലുടമകൾ കൂടുതൽ കിഴിവ് ആവശ്യപ്പെടുമെന്ന ആശങ്കയിലാണ് കർഷകർ.
...........................................
വള്ളങ്ങൾക്ക് നാശം
തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖത്ത് സുരക്ഷിതമായി നങ്കൂരമിട്ടിരുന്ന, അമ്പലപ്പുഴ കോമന ശരവണ ഭവനിൽ സാബുവിന്റെ വള്ളം ഇന്നലെ കടലേറ്റത്തിൽ തകർന്നു. കഴിഞ്ഞ ദിവസം നീർക്കുന്നം കളപ്പുര തീരത്ത് മത്സ്യബന്ധനത്തിന് ശേഷം കെട്ടിയിട്ടിരുന്ന, പായൽക്കുളങ്ങര സ്വദേശി കുമാറിന്റെ ഉടമസ്ഥതയിലുള്ള വള്ളം തകർന്ന് 35 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. അമ്പലപ്പുഴ, പുന്നപ്ര, പുറക്കാട്, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളുടെയും ആലപ്പുഴയുടെയും തീരത്ത് കടൽ ഇരച്ചുകയറി. ആലപ്പുഴ ബീച്ചിൽ മത്സ്യ ബന്ധനത്തിന് ശേഷം കയറ്റിവച്ചിരുന്ന മൂന്ന് വള്ളങ്ങളുടെ വലയും റോപ്പും പലകയും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. വള്ളം ഉടമകൾ പൊലീസിൽ പരാതി നൽകി.
...........................................
1 കോടി: ഇതുവരെയുള്ള നാശനഷ്ടം
35 ലക്ഷം: മത്സ്യബന്ധനവള്ളം തകർന്ന നഷ്ടം
..................................................
തനിസ്വഭാവം ഉച്ചകഴിഞ്ഞ്
ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിട്ടി നിർദ്ദേശിച്ചു. ശക്തമായ മഴയും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റും ഇടിമിന്നലുംഉണ്ടായേക്കാം. മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന തൊഴിലാളികൾ പ്രത്യേകം ജാഗ്രത പാലിക്കണം. പ്രവചനാതീത സ്വഭാവമുള്ള വേനൽമഴ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ ഉച്ച കഴിഞ്ഞ സമയത്തായിരിക്കും ആരംഭിക്കുക. പകൽ സമയത്തെ തെളിഞ്ഞ ആകാശം കണ്ട് ജാഗ്രത കുറയ്ക്കരുത്. ദുരന്ത നിവാരണ അതോറിട്ടിയുടെ മാർഗ്ഗ നിർദേശങ്ങൾ കർശനമായി പാലിക്കണം.
പൊതു നിർദേശങ്ങൾ
# മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞും അപകട സാദ്ധ്യത
# വീടിന്റെ ടെറസിൽ നിൽക്കരുത്
# കാറ്റ് വീശിത്തുടങ്ങുമ്പോൾ തന്നെ ജനലുകളും വാതിലുകളും അടച്ചിടണം
# വൈദ്യുതി കമ്പികളും പോസ്റ്റുകളും വീഴാനുള്ള സാദ്ധ്യത കൂടുതൽ
# അതിരാവിലെ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം
# വഴികളിലെ വെള്ളക്കെട്ടുകളിൽ വൈദ്യുതി ലൈൻ പൊട്ടിക്കിടക്കാം
# ഇടിമിന്നലുള്ള സമയത്ത് കെട്ടിടത്തിനകത്ത് കഴിയണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |