ജനീവ: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ലോകരാജ്യങ്ങൾക്കിടയിൽ ചൈന വീണ്ടും ഒറ്റപ്പെടുന്നു. ഇന്നലെ ആരംഭിച്ച വേൾഡ് ഹെൽത്ത് അസംബ്ലിയിൽ(ഡബ്ല്യു.എച്ച്.എ) വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് റഷ്യ ഉൾപ്പടെയുള്ള നൂറോളം രാജ്യങ്ങൾ. രോഗവ്യാപനത്തെ തടയാൻ ചൈന ആദ്യഘട്ടത്തിൽ എന്ത് ചെയ്തു എന്നുള്ളത് അന്വേഷിക്കാൻ ആസ്ട്രേലിയ പ്രമേയം തയാറാക്കിയതിന് പിന്നാലെ, പ്രമേയവുമായി യൂറോപ്യൻ യൂണിയനും രംഗത്തെത്തി. കരടു പ്രമേയത്തിന് ഇന്ത്യയുടെ പിന്തുണയുമുണ്ടെന്നാണ് സൂചന. കൊവിഡ് 19 നോടുള്ള വിവിധ രാജ്യങ്ങളുടെ പ്രതികരണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് ഇന്നലെയും ഇന്നുമായി വിർച്വൽ യോഗം ചേരുന്നത്. രോഗവ്യാപനഘട്ടത്തിൽ ലോകാരോഗ്യസംഘടനയുടെ പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ചയാകും.
കൊവിഡ് വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പരിശോധനയിൽ മറ്റ് ഏജൻസികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനും പ്രമേയം ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലിനോട് അഭ്യർത്ഥിക്കുന്നു. യുറോപ്യൻ യൂണിയനാണ് പ്രമേയം അവതരിപ്പിച്ചതെങ്കിലും മറ്റ് രാജ്യങ്ങൾ പിന്തുണയ്ക്കുകയായിരുന്നു.
അതേസമയം, ചൈന പ്രമേയത്തെ എതിർത്തു.ചൈനയെയോ മറ്റേതെങ്കിലും രാജ്യത്തെയോ പ്രത്യക്ഷത്തിൽ കുറ്റപ്പെടുത്തിക്കൊണ്ടുള്ളതല്ല പ്രമേയമെങ്കിലും, വൈറസ് വ്യാപനത്തിൽ സ്വതന്ത്രവും നീതിപൂർവവുമായ അന്വേഷണമാണ് പ്രമേയത്തിന്റെ ആവശ്യം. വൈറസിന്റെ ഉത്ഭവം ചൈനയിൽനിന്ന് ആയിരിക്കുകയും അമേരിക്ക ഉൾപ്പടെയുള്ളവർ നിരന്തരം ചൈനയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ചൈനയ്ക്ക് നേരെയുള്ള ചൂണ്ടുവിരലാകുമെന്നാണ് കരുതപ്പെടുന്നത്.
വേൾഡ് ഹെൽത്ത് അസംബ്ലി
ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ടാണ് വേൾഡ് ഹെൽത്ത് അസംബ്ലിയുടെ പ്രവർത്തനം. ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട നയപരമായ കാര്യങ്ങളെല്ലാം ചർച്ച ചെയ്യുന്നത് വേൾഡ് ഹെൽത്ത് അസംബ്ലിയിലാണ്. ഇതിന്റെ 73-ാമത് യോഗമാണ് ഇന്നലെ ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |