പാലക്കാട്: നാലാംഘട്ട ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിൽ ഒരുക്കം തുടങ്ങി. പാലക്കാട് ജംഗ്ഷൻ ഉൾപ്പെടെ സ്റ്റേഷനുകൾ അണുവിമുക്തമാക്കുന്ന നടപടിയാണ് പുരോഗമിക്കുന്നത്.
ലോക്ക് ഡൗൺ തുടങ്ങിയത് മുതൽ അടച്ചിട്ട സ്റ്റേഷനുകൾ ശുചീകരണ തൊഴിലാളികളെ എത്തിച്ച് വൃത്തിയാക്കിത്തുടങ്ങി. ലോക്ക്ഡൗൺ നിർദേശം പാലിച്ച് പകുതി ജീവനക്കാരെ ഉൾപ്പെടുത്തിയാണ് ശുചീകരണം.
മാർച്ചിൽ ട്രെയിൻ സർവീസ് നിറുത്തിയ ശേഷം ജില്ലയിലെ എല്ലാ സ്റ്റേഷനുകളും വൃത്തിയാക്കിയിരുന്നു. അഗ്നിരക്ഷാ സേന അണുനശീകരണവും നടത്തി. ഇതിന് പുറമെയാണ് നിലവിലെ റെയിൽവേയുടെ നേതൃത്വത്തിലുള്ള ശുചീകരണം.
സ്റ്റേഷനിൽ വൈദ്യപരിശോധന നടത്തുന്നതിന് മെഡിക്കൽ സംഘത്തെ സജ്ജീകരിക്കും. പനിയോ മറ്റു രോഗലക്ഷണമോ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റുകയും മറ്റുള്ളവരെ വീടുകളിൽ നിരീക്ഷണത്തിലാക്കുകയും ചെയ്യും. ആളുകൾ കൂട്ടംകൂടി നിൽക്കാനോ അനാവശ്യമായി സ്റ്റേഷനിൽ പ്രവേശിക്കാനോ അനുവദിക്കില്ല. കൂടതെ റെയിൽവേ പൊലീസിന്റെ പരിശോധന ശക്തമാക്കും.
പ്രത്യേക സർവീസുകൾ എന്ന് തുടങ്ങുമെന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. കൂടുതൽ സ്പെഷ്യൽ സർവീസുകൾ ആരംഭിക്കുമെന്ന അറിയിപ്പിനെ തുടർന്നാണ് സ്റ്റേഷനുകൾ അണുവിമുക്തമാക്കുന്നത്.
-എം.ഗോപിനാഥ്, പി.ആർ.ഒ, പാലക്കാട് ഡിവിഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |