പത്തനംതിട്ട: മലയോരം വിറപ്പിച്ച കടുവയെ കണ്ടെത്താനാവാതെ തിരച്ചിലുകാർക്ക് മടുത്തു. പതിനൊന്നു ദിവസമായി തോക്കും വടിയുമായി കാട്ടിൽ അലയുകയാണ്. കടുവ പോയ വഴി പോലും കാണാനായില്ല. കടുവ കാട്ടിലേക്ക് മടങ്ങിയതാവാമെന്നാണ് വനപാലകരുടെ നിഗമനം. എന്നാലും കടുവയെ പിടിക്കാമെന്ന പ്രതീക്ഷ വിട്ടിട്ടില്ലെന്ന് വനംവകുപ്പ് ചീഫ് കൺസർവേറ്റർ സഞ്ജയകുമാർ പറഞ്ഞു.
തുടർച്ചയായ അഞ്ച് ദിവസമാണ് കടുവയെ കാണാതിരിക്കുന്നത്. ഞായറാഴ്ച എല്ലാ പ്രദേശങ്ങളിലും തെരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇനി വനത്തിൽ കൂടുതൽ സ്ഥലങ്ങളിൽ കാമറകൾ വയ്ക്കും. കടുവയെ പിടികൂടാത്തതിനാൽ ജനങ്ങളുടെ ഭീതി ഒഴിഞ്ഞിട്ടില്ല.
കടുവയെ കണ്ട ജനവാസ മേഖലയോട് ചേർന്ന വനത്തിൽ ഇന്നലെയും തിരച്ചിലിനിറങ്ങിയിരുന്നു. കനത്ത മഴയെ തുടർന്ന് തടസപ്പെട്ടു. റാന്നി, കോന്നി ഡിവിഷനിലെ വനപാലകരും വയനാട്ടിൽ നിന്നെത്തിയ സംഘവും ചേർന്നാണ് വനമേഖലയിൽ പരിശോധന നടത്തിയത്.
കടുവയെ കണ്ടെന്ന് നാട്ടുകാർ പറഞ്ഞ സ്ഥലങ്ങളിലെങ്ങും കാൽപ്പാടുകൾ കണ്ടില്ല. ടാപ്പിംഗ് തൊഴിലാളിയെ കൊലപ്പെടുത്തിയ തണ്ണിത്തോട് മേടപ്പാറ മുതൽ കടുവയെ അവസാനം കണ്ടതായി നാട്ടുകാർ പറഞ്ഞ പേഴുംപാറ പത്താം ബ്ലോക്ക് വരെയാണ് തെരച്ചിൽ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |