കിളിമാനൂർ: പ്രളയവും കാലാവസ്ഥാവ്യതിയാനവും വരുത്തിയ ദുരിതത്തിൽ നിന്നു കരകയറാൻ വീണ്ടും കൃഷിയിറക്കിയ വാഴക്കർഷകർക്ക് തിരിച്ചടിയായി കൊവിഡ് ലോക്ക് ഡൗൺ. കന്നിമണ്ണിന്റെ വളക്കൂറും കർഷകന്റെ കഠിനാദ്ധ്വാനവുമുണ്ടായിട്ടും വാഴക്കൃഷി തിരിച്ചടി നേരിടുകയാണ്. പതിനായിരത്തോളം വാഴകളാണ് ഈ വേനൽമഴയിൽ ഒടിഞ്ഞുവീണത്. ലോണെടുത്തും പുരയിടം പാട്ടത്തിനെടുത്തും വാഴക്കൃഷി ചെയ്യുന്ന കർഷകർ കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായിരിക്കെയാണ് മഴ വീണ്ടും തിരിച്ചടിയായത്. മികച്ച വരുമാനവും നാടൻ വാഴക്കുലകൾക്കുള്ള ജനപ്രീതിയും കണക്കിലെടുത്താണ് യുവാക്കൾ ഉൾപ്പെടെയുള്ളവർ ഈ രംഗത്തിറങ്ങിയത്. എന്നാൽ കഴിഞ്ഞ വർഷത്തെ പ്രളയം ഇവരുടെ സ്വപ്‌നങ്ങൾക്ക് തിരിച്ചടിയായിരുന്നു. അതിജീവനം പ്രതീക്ഷിച്ചിരുന്ന ഇവർക്ക് പക്ഷേ ഇരുട്ടടിയാണ് ലഭിച്ചത്. പാകമായ കുലകൾ മാർക്കറ്റുകളിലെത്തിക്കേണ്ട സമയത്താണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. കൃഷി ചെയ്‌തിരിക്കുന്ന വാഴകൾക്ക് വളം ചെയ്യാനോ പരിപാലിക്കാനോ കഴിയാതായതോടെ കർഷകർ കൂടുതൽ ദുരിതത്തിലായി. വേനൽ മഴ എത്തിയതോടെ കാറ്റിൽ കുലച്ച വാഴകൾ ഉൾപ്പെടെ ഒടിഞ്ഞുവീഴാനും തുടങ്ങി. അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വയംപര്യാപ്‌തത കൈവരിക്കാൻ കഴിയുമെങ്കിലും ഇത്തരം പ്രതിസന്ധിയാണ് കേരളത്തിലെ വാഴക്കൃഷിക്ക് പലപ്പോഴും തടസമാകുന്നത്.
കേരളത്തിലെ വാഴക്കൃഷിയെക്കുറിച്ച്
-------------------------------------------------------------
ജൂൺ മുതൽ സെപ്തംബർ വരെയാണ് വാഴക്കൃഷി
നീർവാർച്ചയുള്ള സ്ഥലങ്ങളിലാണ് കൃഷി ചെയ്യുന്നത്.
പരിചരണം നൽകിയാൽ മികച്ച വിളവെടുപ്പ്
സീസണാകുമ്പോൾ വിപണിയിൽ വിലക്കുറവ്
എല്ലാ ജില്ലകളിലും വാഴക്കൃഷി ഇപ്പോഴും സജീവം
പ്രധാനമായും കൃഷി ചെയ്യുന്നത്
-----------------------------------------------
നേന്ത്രവാഴ
കദളി വാഴ
റോബസ്റ്റ
പാളയം തോടൻ
ഞാലിപ്പൂവൻ
വാഴ കർഷകർ നേരിടുന്ന പ്രതിസന്ധികൾ
------------------------------------------------------------------------
കീടരോഗ ശല്യം കാട്ടുപന്നി ശല്യം കാലവർഷത്തിലെ കാറ്റ്
വാഴക്കന്ന് ഒന്നിന് 20 രൂപ
നേന്ത്രവാഴക്കായ - കിലോ - 40 - 50 രൂപ
പാറശാല, നെയ്യാറ്റിൻകര, കോവളം, പോത്തൻകോട്, ആറ്റിങ്ങൽ, ചിറയിൻകീഴ്,
ശ്രീകാര്യം, കിളിമാനൂർ എന്നിവിടങ്ങളിൽ
10,000 ഹെക്ടർ കൃഷി
പ്രതികരണം
---------------------------
കൊവിഡ് പ്രതിസന്ധിക്ക് ശേഷം വരാൻ സാദ്ധ്യതയുള്ളത് ഭക്ഷ്യക്ഷാമം ആകാം. അതിനെ തരണം ചെയ്യാൻ വാഴക്കൃഷി അനിവാര്യമാണ്. കാലാവസ്ഥയ്ക്കും ചുറ്റുപാടുകൾക്കുമനുസരിച്ച് കൃഷി ചെയ്യാം. വയലുകളിൽ ചെയ്യുന്ന വാഴക്കൃഷിയാണ് മിക്കവാറും നശിക്കുന്നത്.
മുല്ലക്കര രത്നാകരൻ എം.എൽ.എ,
മുൻ കൃഷി മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |