തിരുവനന്തപുരം: പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജന പാക്കേജിൽ സൗജന്യറേഷനടക്കമുള്ളവ കൂട്ടിയാൽ പോലും സാധാരണക്കാരുടെ കൈകളിൽ പണമായെത്തുന്നത് ഒരു ലക്ഷം കോടിയിൽ താഴെ മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മൊത്തം പാക്കേജിന്റെ അഞ്ചു ശതമാനം ഇത് വരില്ല. കോർപറേറ്റ് കമ്പനികൾക്ക് ഉദാരമായി 1.5 ലക്ഷം കോടി രൂപയുടെ നികുതിയിളവ് നൽകിയ സ്ഥാനത്താണിത്. ബാങ്കുകൾക്ക് ലഭ്യമായ തുകയും ഈ ബാങ്കുകൾ കൃഷിക്കാർക്കും ചെറുകിട വ്യവസായികൾക്കും നൽകുമെന്ന് പ്രതീക്ഷിക്കുന്ന തുകയുമാണ് 20 ലക്ഷം കോടിയിലെ സിംഹഭാഗവും.
ആർ.ബി.ഐ ബാങ്കുകൾക്ക് നൽകിയ പണത്തിൽ 8.5 ലക്ഷം കോടി രൂപ ഈ മാസമാദ്യം ബാങ്കുകൾ തന്നെ 3.5 ശതമാനം താഴ്ന്ന പലിശയ്ക്ക് റിസർവ് ബാങ്കിൽ തിരിച്ച് നിക്ഷേപിക്കുകയാണുണ്ടായത്. കേരള സർക്കാർ പോലും 6000 കോടി വായ്പയെടുക്കാൻ ശ്രമിച്ചപ്പോൾ 9 ശതമാനമാണ് പലിശയീടാക്കിയത്.
പൊതുജനാരോഗ്യത്തിന് പാക്കേജിൽ ഊന്നലില്ല. എന്നാൽ, കേരളത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന സമീപനമായിരിക്കും സർക്കാർ തുടരുക. തന്ത്രപ്രധാന മേഖലകളിലെ സ്വകാര്യവത്കരണം രാജ്യത്തിന്റെ സ്വയംപര്യാപ്തതയ്ക്ക് പരമപ്രധാനമാണെന്ന് കരുതുന്നില്ല.
ഭക്ഷ്യ മേഖലയിലെ മൈക്രോ സ്ഥാപനങ്ങൾക്കുള്ള 10,000 കോടി രൂപയുടെ ധനസഹായ പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്തിക്കിട്ടാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബീഹാർ, കാശ്മീർ, തെലങ്കാന, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയപ്പോൾ കേരളമില്ല.
അവശ്യസാധന നിയമത്തിലെ സ്റ്റോക്ക് പരിധി എടുത്തുകളയുന്ന ഭേദഗതി പൂഴ്ത്തിവയ്പും വിലക്കയറ്റവും തടയുന്നത് ദുർബലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായ്പയ്ക്ക് നിബന്ധന :
ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധം
തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ വായ്പാപരിധി ഉയർത്തിയതിന് നിബന്ധനകൾ ഏർപ്പെടുത്തിയത് ഫെഡറൽ തത്വങ്ങൾക്ക് ചേർന്നതല്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
കൊവിഡിന് ശേഷം സംസ്ഥാനങ്ങളുടെ ആഭ്യന്തര വരുമാനം വലിയ ഇടിവ് നേരിടുന്നതിനാൽ വായ്പാപരിധി ഉയർത്തിയാലും പരിമിതമായ പ്രയോജനമാണ് കിട്ടുക.
കേന്ദ്രം ആഭ്യന്തര വരുമാനത്തിന്റെ അഞ്ചര ശതമാനം കടമെടുക്കാൻ തീരുമാനിച്ചു. സംസ്ഥാനങ്ങൾക്ക് നിബന്ധനകൾക്ക് അനുസൃതമായി മാത്രമേ കടമെടുക്കാനാകൂ എന്നത് തുല്യനീതിയല്ല. നിബന്ധനകളില്ലാതെ കേരളത്തിന് കിട്ടുക അരശതമാനം വായ്പ മാത്രമാണ്. അതനുസരിച്ച് ഇപ്പോഴത്തെ വായ്പാപരിധിയിൽ 4500കോടി കൂടും.
ഈസ് ഒഫ് ഡൂയിംഗ് ബിസിനസ്സിന്റെ കാര്യത്തിൽ സംസ്ഥാനം സുപ്രധാന ചുവടുവയ്പുകൾ ഇതിനകം നടത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
വ്യവസായഭദ്രതയെ കേന്ദ്ര
പദ്ധതിയുമായി സംയോജിപ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വ്യവസായ ഭദ്രതാ പദ്ധതിയെ കേന്ദ്രത്തിന്റെ വായ്പാപദ്ധതിയുമായി സംയോജിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരമ്പരാഗത മേഖലയായ കശുഅണ്ടി മേഖലയിൽ ഉൾപ്പെടെ എം.എസ്.എം.ഇ സ്ഥാപനങ്ങൾ വായ്പാ തിരിച്ചടവിന് പ്രതിസന്ധി നേരിടുന്നുണ്ട്. ഇവയ്ക്കു കൂടി സഹായകമാകുന്ന സ്ട്രസ്ഡ് അക്കൗണ്ടുകൾക്കായി കേന്ദ്ര പദ്ധതി വിനിയോഗം ചെയ്യും. വികസനത്തിന് പ്രാപ്തിയുള്ള എം.എസ്.എം.ഇകൾക്കായി കേന്ദ്ര സർക്കാർ മദർ ഫണ്ട്, ഡോട്ടർ ഫണ്ട് എന്നീ ആനുകൂല്യങ്ങളിലൂടെ 50,000 കോടി രൂപയുടെ പണലഭ്യത പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്താൻ പദ്ധതി ആവിഷ്കരിക്കും. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിയിലെ 40,000 കോടിയുടെ വർദ്ധന പൂർണതോതിൽ പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |