തിരുവനന്തപുരം : ലോക്ക് ഡൗൺ ഇളവുകൾ വന്ന് ആട്ടോറിക്ഷ ഓടിത്തുടങ്ങുമ്പോൾ കൊവിഡിനെ കൂടി കയറ്റി സവാരി നടത്തരുതെന്ന് ഭാര്യ സുജ പറഞ്ഞത് കേട്ട് സുരേഷ് കുമാറിനാകെ ടെൻഷൻനായി. ആട്ടോറിക്ഷയെ അണുവിമുക്തമാക്കുന്നതിനെപ്പറ്റി ആരും ഒന്നും മിണ്ടുന്നുമില്ല. സുരേഷ്‌കുമാർ തന്റെ ടെൻഷൻ എൻജിനിയറിംഗ് വിദ്യാർത്ഥിയായ മകൻ അഖിലിനോട് പങ്കുവച്ചു. അധികം വൈകാതെ തന്റെ എൻജിനിയറിംഗ് ബുദ്ധിയിൽ തെളിഞ്ഞ ഐഡിയയിലൂടെ കൊവിഡിനെ തുരത്താനുള്ള സംവിധാനം ചുരുങ്ങിയ ചെലവിൽ ആട്ടോയിൽ സെറ്ര് ചെയ്ത് അച്‌ഛന്റെ ടെൻഷനകറ്റി !
ഒരു മീറ്റർ നീളവും നാലിഞ്ച് വ്യാസവുമുള്ള പി.വി.സി പൈപ്പ്. അതിന് മുകളിലും താഴെയുമായി രണ്ട് അടപ്പ്, പിന്നെ ഒരു ടാപ്പ്. 15 ലിറ്റർ വെള്ളം കൊള്ളുന്ന കൈകഴുകൽ സംവിധാനം റെഡി! പി.വി.സി പൈപ്പ് മീറ്റർ ബോർഡിനോട് ചേർന്ന് കുത്തനെ ഉറപ്പിച്ചു. താഴ്‌വശം അടച്ചു ഭദ്രമാക്കി. വെള്ളം നിറച്ച ശേഷം മുകൾ ഭാഗംകൂടി അടച്ചതോടെ കാര്യങ്ങൾ ഭംഗിയായി. സമീപത്തു തന്നെ ഹാൻഡ് വാഷും വച്ചു. സവാരിക്കാർ അല്പം ഹാൻഡ് വാഷ് എടുത്ത് നന്നായി പതപ്പിച്ചുപിടപ്പിക്കുന്നു, ടാപ്പുതുറന്ന് ശുദ്ധമായ വെള്ളത്തിൽ കൈ കഴുകുന്നു.
അനന്തരം ആട്ടോയിൽ കയറി സവാരിപോകുന്നു. സംഗതി സിംപിൾ!
അത്യാവശ്യപ്പെട്ട് ഓടി വന്നു കയറുന്നവരോട് സുരേഷ് പറയും 'അനിയാ നിൽ! ഈ സാനിട്ടൈസറെങ്കിലും കൈയിൽ ഒന്നു തേയ്ക്ക്' കഴിയുന്നതും നോട്ടുകൾ ടച്ച് ചെയ്യാതെ ഗൂഗിൾ പേ വഴി ചാർജ് വാങ്ങാനാണ് തീരുമാനം. അതാകുമ്പോൾ നോട്ടിൽ കയറി കൊവിഡ് പേഴ്സിലെത്തില്ലല്ലോ!
പേട്ട ജനമൈത്രി ആട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ് കണ്ണമ്മൂല സ്വദേശിയായ സുരേഷ്‌കുമാർ. ആട്ടോ സ്റ്റാൻഡിൽ തെർമ്മൽ പരിശോധന സംവിധാനം ഏർപ്പെടുത്താനും പദ്ധതി തയ്യാറാക്കി കഴിഞ്ഞു. മോട്ടോർ വാഹന വകുപ്പ് വെഹിക്കിൾ ട്രാക്കിംഗ് സംവിധാനം കൊണ്ടുവന്നപ്പോൾ അത് ആദ്യം നടപ്പിലാക്കിയ ആട്ടോറിക്ഷക്കാരിലൊരാൾ സുരേഷാണ്. യാത്രക്കാർക്ക് സഞ്ചരിക്കുന്ന റൂട്ടും നൽകേണ്ട തുകയുമെല്ലാം കാണിക്കുന്ന സംവിധാനമായിരുന്നു അത്. സുരേഷിന്റേത് ഉൾപ്പെടെ 20 ആട്ടോറിക്ഷകൾ നിർദ്ധനരായ രോഗികളുമായി ആർ.സി.സിയിലേക്ക് സൗജന്യയാത്രയും നടത്തിവരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |