പാലക്കാട്: ലോക്ക് ഡൗണിനെ തുടർന്ന് നീട്ടിവെച്ച എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പൊതുപരീക്ഷകൾ 26, 27, 28 തിയ്യതികളിൽ പൂർത്തിയാക്കുന്നതിനുള്ള ഒരുക്കം ജില്ലയിൽ പുരോഗമിക്കുന്നു. ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന കൊവിഡ് നിയന്ത്രണം പാലിച്ചാകും പരീക്ഷ നടത്തുക. വിദ്യാർത്ഥികളെ രക്ഷിതാക്കളുടെ വാഹനങ്ങളിൽ സ്‌കൂളുകളിൽ എത്തിക്കാം. സൗകര്യക്കുറവുള്ള വിദ്യാർത്ഥികൾക്ക് സ്‌കൂൾ ബസ് സൗകര്യം ഏർപ്പെടുത്തും.
പരീക്ഷയ്ക്ക് മുന്നോടിയായി സ്‌കൂളുകൾ അണുവിമുക്തമാക്കും. ക്ലാസ് മുറികൾ, ഓഫീസ്, സ്‌കൂൾ പരിസരം, ടോയ്‌ലറ്റുകൾ, പൈപ്പുകൾ എന്നിവയാണ് അണുവിമുക്തമാക്കുക. ഇത് ആരോഗ്യപ്രവർത്തകർ പരിശോധിക്കും. വിദ്യാർത്ഥികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സ്‌കൂളുകളിൽ ഏർപ്പെടുത്തും. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാർത്ഥികളിൽ ആരെങ്കിലും രോഗലക്ഷണം കാണിച്ചാൽ ആരോഗ്യ വകുപ്പിനെ അറിയിക്കണം.
പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കാവശ്യമായ മാസ്‌കുകൾ ബി.ആർ.സി മുഖേന അതത് സ്‌കൂളുകളിൽ എത്തിക്കും. എൻ.എസ്.എസ്, വി.എച്ച്.എസ്.ഇ, ബി.ആർ.സി വിഭാഗങ്ങളാണ് ജില്ലയിലേക്കാവശ്യമായ ഒന്നര ലക്ഷം മാസ്‌കുകൾ തയ്യാറാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |