കൊല്ലം: ജില്ലയ്ക്ക് ആശ്വാസമായി പുതിയ കൊവിഡ് കേസുകളൊന്നും ഇന്നലെ റിപ്പോർട്ട് ചെയ്തില്ല. കൊവിഡ് സ്ഥിരീകരിച്ച കല്ലുവാതുക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗമായ ആശാ പ്രവർത്തകയുമായി സമ്പർക്കം പുലർത്തിയവരിൽ ഇതുവരെ ഫലം വന്ന ആർക്കും രോഗം സ്ഥിരീകരിക്കാത്തതും ജില്ലയുടെ ആശങ്കയ്ക്ക് ചെറിയ അയവ് വരുത്തിയിട്ടുണ്ട്.
എട്ട് കൊല്ലം സ്വദേശികളാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ നാലുപേർ മാത്രമാണ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ബാക്കി മൂന്നുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ കളമശേരി മെഡിക്കൽ കോളേജിലുമാണ്. നിലവിലെ രോഗ ബാധിതരിൽ ഏഴുപേരും വിദേശത്ത് നിന്ന് വന്നവരാണ്.
ജില്ലയിൽ ഇതുവരെ 2,740 പേരുടെ സ്രവങ്ങളാണ് പരിശോധിച്ചിട്ടുള്ളത്. ഇതിൽ 53 പേരുടെ ഫലം കൂടി വരാനുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റാൻഡം സർവേ മാതൃകയിൽ സെന്റിനൽ പരിശോധനയും നടക്കുന്നുണ്ട്. ഇത്തരം പരിശോധനയിലാണ് മീനാട്ടെ ആശാ പ്രവർത്തകയ്ക്കും കല്ലുവാതുക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനും രോഗം സ്ഥിരീകരിച്ചത്.
ചികിത്സയിലുള്ള കൊല്ലം സ്വദേശികൾ: 8
വിദേശത്ത് നിന്ന് എത്തിയവർ: 7
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |