തൃശൂർ: കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ബസ് നിരക്ക് കൂട്ടി പൊതുഗതാഗതം തുടങ്ങാൻ വഴിയൊരുങ്ങുമ്പോൾ ആശ്വാസത്തിനൊപ്പം ഉയരുന്നത് പ്രതിഷേധവും ആശങ്കയും. കർശന നിയന്ത്രണങ്ങളോടെ ബസ് സർവീസ് പുനരാരംഭിക്കാൻ അനുമതി ലഭിച്ചെങ്കിലും മുന്നോട്ടുപോകാൻ ഏറെ പ്രയാസകരമാണെന്നാണ് ബസുടമകളുടെ നിലപാട്. പകുതി ആളുകളെ വച്ച് സർവീസ് നടത്തണമെങ്കിൽ ചാർജ്ജ് വർദ്ധന ഇരട്ടിയാക്കണമെന്ന ആവശ്യം നിരാകരിച്ച് പകുതി മാത്രം വർദ്ധിപ്പിച്ചത് അംഗീകരിക്കാനാകില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഓട്ടോ ഉടമകളും ഡ്രൈവർമാരും പ്രതിഷേധത്തിലാണ്. ഒരാളെ മാത്രം ഓട്ടോയിൽ കയറ്റി യാത്ര നടത്തുക സാദ്ധ്യമല്ലെന്ന് അവർ പറയുന്നു. എന്തെങ്കിലും ആവശ്യത്തിന് ഒന്നിൽ കൂടുതൽ ആളുകൾ പോകേണ്ടി വന്നാൽ കൂടുതൽ ഓട്ടോകൾ വിളിക്കാൻ ആരും തയ്യാറാകില്ല. അപ്പോൾ മറ്റ് മാർഗങ്ങൾ യാത്രക്കാർ സ്വീകരിക്കുമെന്നും ഡ്രൈവർമാർ പറയുന്നു.
അതേസമയം, ഇരട്ടിച്ചാർജ് കൊടുത്ത് എങ്ങനെ ബസുകളിൽ യാത്ര ചെയ്യുമെന്നാണ് തുച്ഛ വരുമാനക്കാരായ തൊഴിലാളികളും സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരും ചോദിക്കുന്നത്. ശമ്പളം ലഭിക്കാതെ ദുരിതത്തിലാണ് ഭൂരിഭാഗവും. കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു പങ്ക് യാത്രാക്കൂലി കൊടുത്താൽ എങ്ങനെ ജീവിക്കുമെന്നാണ് അവരുടെ ചോദ്യം.
ദുരിതം തിരിച്ചറിയുന്നില്ല
നിലവിൽ സർവീസ് നടത്താൻ അനുമതി നൽകിയെങ്കിലും ബസുകൾ മാസങ്ങളായി ഓടാതിരിക്കുന്നതിനാൽ ഏറെ പണികൾ വേണ്ടി വരും. ഇതിനായി വൻതുക വേണ്ടിവരും. എല്ലാ ബസുടമകൾക്കും അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണം. ഫിറ്റ്‌നസ് നടത്തുന്നത് നീട്ടണം. കഴിഞ്ഞ രണ്ട് മാസത്തോളമായി ഓടാതിരിക്കുകയാണ് ബസുകൾ. ഈ കാലയളവ് നീട്ടി നൽകണം. ഏകദേശം ഒരു ലക്ഷം രൂപയോളം ഫിറ്റ്‌നസ് കഴിഞ്ഞ് പുറത്തിറങ്ങാൻ വേണ്ടി വരും. ഇൻഷ്വറൻസ് അടയ്ക്കുന്നതിന് മൊറട്ടോറിയം പ്രഖ്യാപിക്കണം. നിലവിൽ പകുതി യാത്രക്കാരെ കയറ്റാം എന്ന് പറയുന്നുണ്ടെങ്കിലും മൂന്നിലൊന്ന് പേരെ മാത്രമേ കയറ്റാൻ കഴിയൂ. ബസ് യാത്ര സാധാരണക്കാരിൽ പലരും ഉപേക്ഷിക്കാനാണ് സാദ്ധ്യത. വിദ്യാർത്ഥികളുടെ കാര്യത്തിലും ആവശ്യം അംഗീകരിക്കാതിരുന്നത് പ്രതഷേധാർഹമാണ്.
- ആന്റോ ഫ്രാൻസിസ് , ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി
ഓട്ടോകൾ വീട്ടിൽ കയറ്റി ഇടേണ്ടി വരും
ഇപ്പോൾ തന്നെ ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ ഓട്ടോറിക്ഷകൾക്ക് സർവീസ് നടത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഇളവ് ലഭിച്ചാലും ലോക്ക് ഡൗൺ കാലത്തെ പോലെ തന്നെ വീട്ടിൽ വണ്ടികൾ കയറ്റി ഇടേണ്ടി വരുന്ന അവസ്ഥയാണ്.
- ദിനേശൻ തടത്തിൽ, ഓട്ടോ തൊഴിലാളി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |