ഒരു വീടിന്റെ തറയിലെ മാളത്തിൽ നിന്ന് 123 മൂർഖൻ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി.
മധ്യപ്രദേശിലെ റോൺ ഗ്രാമത്തിലെ ജീവൻ സിംഗ് കുശ്‌വാഹയുടെ വീട്ടിലാണ് സംഭവം. ആദ്യം 51 പാമ്പുകളെ കണ്ടെത്തി അവർ തന്നെ നീക്കം ചെയ്തു. പിന്നെയും ഓരോ രാത്രിയിലും പുതുതായി പാമ്പുകളെ കൂട്ടത്തോടെ കണ്ടെത്തിയതോടെ ജീവൻ സിംഗിന്റെ ബന്ധുക്കൾ മറ്റൊരു ഗ്രാമത്തിലേക്ക് താമസം മാറ്റി. അതേസമയം വീടിന് കാവലായി നില്‍ക്കുകയാണ് ജീവൻ സിംഗ്.
വീട്ടിൽ ഒരു കസേര ഇട്ടാണ് ജീവൻ സിംഗ് പാമ്പിനെ വീക്ഷിക്കുന്നത്. രാത്രിസമയത്താണ് പാമ്പുകൾ കൂട്ടത്തോടെ വരുന്നതെന്ന് ജീവൻ പറയുന്നു. രണ്ടുമൂന്ന് ദിവസം പ്രായമായ മൂർഖൻ കുഞ്ഞുങ്ങളാണ് വീടിന്റെ തറയ്ക്ക് അകത്ത് നിന്ന് പുറത്തേയ്ക്ക് വരുന്നത്. ഇവയുടെ വാസസ്ഥാനം കണ്ടെത്താനുളള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ.
വിഷം എങ്ങനെ സൂക്ഷിക്കണമെന്ന് അറിയാത്തത് കൊണ്ട് മൂർഖൻ കുഞ്ഞുങ്ങൾ കൂടുതൽ അപകടകാരികളാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്‍കുന്നു. വളർച്ച എത്തിയ മൂർഖൻ പാമ്പുകൾ സൂക്ഷിച്ച് മാത്രമേ വിഷം ഉപയോഗിക്കുകയുളളൂ. എന്നാൽ മൂർഖൻ കുഞ്ഞുങ്ങൾ അങ്ങനെയല്ല. അവയ്ക്ക് ഇവ സൂക്ഷിക്കാൻ അറിയാത്തതിനാൽ, ആദ്യ കൊത്തിൽ തന്നെ വിഷം മുഴുവൻ പുറത്തേയ്ക്ക് തളളാൻ സാധ്യതയുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നല്‍കുന്നു.ഓരോദിവസം കഴിയുന്തോറും വീട്ടുകാരുടെയും നാട്ടുകാരുടെയും പരിഭ്രാന്തി ഇരട്ടിക്കുകയാണ്. വരാനിരിക്കുന്ന വലിയ ആപത്തിന്റെ ദുഃസൂചനയാണ് എന്ന തരത്തിൽ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |