ന്യൂഡൽഹി:രാജ്യത്തെ കൊവിഡ് കേസുകൾ 1,30,506 ആയി ഉയർന്നു. മരണം 3,850. ഇരുപത്തിനാല് മണിക്കൂറിനിടെ 6654 പുതിയ രോഗികളും 137 മരണവും റിപ്പോർട്ട് ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുപ്രകാരം കൊവിഡ് കേസുകൾ 1,25,101. മരണം 3,720. കഴിഞ്ഞ നാലു ദിവസത്തിനിടെ മാത്രം 25,000ത്തോളം പുതിയ രോഗികളാണ് രാജ്യത്തുണ്ടായത്. ഡൽഹിയിൽ തുടർച്ചയായ അഞ്ചാം ദിവസം 500ന് മുകളിൽ പുതിയ രോഗബാധിതരുണ്ടായി. ഇന്നലെ 591 പുതിയ കേസുകളും 23 മരണവുമാണ് ദേശീയ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കൊവിഡ് രോഗികളുടെ എണ്ണം അതിവേഗം കൂടുകയാണ്. മഹാരാഷ്ട്രയിൽ ഇന്നലെ 2608 പുതിയ കേസുകളും 60 മരണവും. ആകെ കൊവിഡ് കേസുകൾ 47,000 കടന്നു. മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മരിച്ച പൊലീസുകാരുടെ എണ്ണം 18 ആയി. കൊവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 1671.
തമിഴ്‌നാട്ടിലും കൊവിഡ് സ്ഥിതി രൂക്ഷമായി തുടരുകയാണ്. ഇന്നലെ 710 പുതിയ രോഗികളും 5 മരണവുമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 624 രോഗികളും ചെന്നൈയിലാണ്. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 15,512 ആയി. ഗുജറാത്തിൽ 396 പുതിയ രോഗികൾ. 27 മരണം. പശ്ചിമബംഗാളിൽ 127 പുതിയ കൊവിഡ് കേസുകളും ഇന്നലെ റിപ്പോർട്ട് ചെയ്തു.
സിക്കിമിലും കൊവിഡ്
കൊവിഡ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്ത സിക്കിമിൽ ആദ്യത്തെ കൊവിഡ് കേസ് ഇന്നലെ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ 25കാരനായ വിദ്യാർത്ഥിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മത്സരപരീക്ഷകൾക്കുള്ള കോച്ചിംഗിനായാണ് വിദ്യാർത്ഥി ഡൽഹിയിലെത്തിയത്.
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് നാലുമാസത്തോളമാകുമ്പോഴും ഗ്രീൻസോണിൽ തുടർന്ന ഏക സംസ്ഥാനമാണ് സിക്കിം.
കുടിയേറ്റ തൊഴിലാളികൾ നാലുകോടി
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാലുകോടിയോളം കുടിയേറ്റ തൊഴിലാളികളുണ്ടെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം. ലോക്ക്ഡൗൺ തുടങ്ങിയ ശേഷം ബസുകളിലും ട്രെയിനുകളിലുമായി ഇതുവരെ 75 ലക്ഷം തൊഴിലാളികൾ സ്വന്തം വീടുകളിലേക്ക് മടങ്ങി. 35 ലക്ഷം തൊഴിലാളികൾ ശ്രമിക്ക് ട്രെയിനുകളിലാണ് മടങ്ങിയത്. 40 ലക്ഷം പേർ ബസുകളിലും മടങ്ങി. ദേശീയ ദുരന്ത പ്രതികരണ നിധി ഉപയോഗിച്ച് കുടിയേറ്റത്തൊഴിലാളികൾക്ക് ഭക്ഷണവും താമസവും ഒരുക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഏപ്രിൽ 3 വരെ 11,092 കോടി രൂപ ദുരന്തനിവാരണ നിധിയിലേക്ക് കേന്ദ്രം കൈമാറിയെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |