സ്വതന്ത്ര ഇന്ത്യയുടെ ഹോക്കി വിസ്മയം ബൽബീർ സിംഗ് സീനിയർ ഇനി ദീപ്തമായ ഒാർമ്മ
മൂന്ന് ഒളിമ്പിക് സ്വർണങ്ങൾ നേടിയ ഇന്ത്യൻ ഹോക്കി ടീമുകളിൽ അംഗമായിരുന്ന ബൽബീർ സിംഗ് സീനിയർ ഇന്നലെ അന്തരിച്ചു. 95 വയസായിരുന്നു. ശ്വാസതടസമടക്കമുള്ള അസുഖങ്ങളെ തുടർന്ന് ഇൗമാസം എട്ടുമുതൽ ഛണ്ഡിഗഡിൽ ചികിത്സയിലായിരുന്നു.
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ ആദ്യമായി സ്വർണം നേടിയ 1948 ലണ്ടൻ ഒളിമ്പിക്സിന്റെ ഫൈനലിൽ ബ്രിട്ടനെതിരെ രണ്ട് ഗോളുകൾ നേടിയ ബൽബീർ സിംഗ് 1952, 1956 ഒളിമ്പിക്സുകളിലും സ്വർണം നേടിയ ടീമിലെ തുറുപ്പുചീട്ടായിരുന്നു. 56 ൽ ഹോക്കി ടീം ക്യാപ്ടനും ഉദ്ഘാടന ചടങ്ങിലെ ഇന്ത്യൻ സംഘത്തിന്റെ പതാകവാഹകനും ബൽബീർ സിംഗ് ആയിരുന്നു. 1975 ലെ ലോകകപ്പിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ മാനേജരായിരുന്നു.
ഇന്ത്യൻ ഹോക്കിയെന്നാൽ മേജർ ധ്യാൻ ചന്ദ് മാത്രമായിരുന്നില്ലെന്ന് തന്റെ ജീവിതംകൊണ്ട് തെളിയിച്ച മഹാനായ കളിക്കാരനാണ് ഇന്നലെ മരണത്തിന്റെ ഗോൾമുഖത്തേക്ക് മറഞ്ഞ ബൽബീർസിംഗ് സീനിയർ.
സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പ് ഇന്ത്യൻ ഹോക്കിയുടെ മാന്ത്രികനായിരുന്നു. ധ്യാൻചന്ദ്. സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ധ്യാൻചന്ദിനോളം പോന്ന സെന്റർ ഫോർവേഡായിരുന്നു ബൽബീർ . തന്റെ കരിയറിലുടനീളം ബൽബീർ വാഴ്ത്തപ്പെട്ടത് ധ്യാൻചന്ദിന്റെ പുനരവതാരം എന്നായിരുന്നു.
രണ്ടുകാലങ്ങളിലായി ഇന്ത്യൻ ഹോക്കിയുടെ നെടുംതൂണായിരുന്നവരാണ് ധ്യാൻചന്ദും ബൽബീറും . ഇരുവരും മൂന്ന് ഒളിമ്പിക്സുകളിൽ വീതം ഇന്ത്യയെ സ്വർണമണിയിച്ചു. ടീമിന്റെ നായകരായി നിറഞ്ഞുനിന്നു. ആരാധകരുടെ ഹൃദയങ്ങളിൽ ആഴ്ന്നിറങ്ങുകയും ചെയ്തു.
1924 ഒക്ടോബർ പത്തിന് പഞ്ചാബിലെ ജലന്ധറിൽ ജനിച്ച ബൽബീറിന്റെ അച്ഛൻ സ്വാതന്ത്ര്യ സമര സേനാനിയിരുന്നു. ഇന്ത്യ സ്വതന്ത്രയാകുന്നതിന് രണ്ടുമാസം മുമ്പാണ് ബൽബീർ ആദ്യമായി ദേശീയ ടീമിൽ കളിക്കുന്നത്. 1948 ൽ ലണ്ടനിൽ ആദ്യ ഒളിമ്പിക്സ് . ഇൗ ഒളിമ്പിക്സിനുള്ള 39 അംഗ ടീമിൽ ആദ്യം ബൽബീറിനെ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് ആരാധകരുടെ മുറവിളി കണക്കിലെടുത്ത് ലണ്ടനിലേക്ക് അയയ്ക്കുകയായിരുന്നു. എന്നിട്ടും പ്ളേയിംഗ് ഇലവനിലേക്ക് എത്താനുള്ള കഷ്ടപ്പാടുകൾ വേറെ.
എന്നാൽ ഫൈനലിലെ മാസ്മരിക പ്രകടനത്തിലൂടെ അദ്ദേഹം ഇന്ത്യൻ ഹോക്കിയുടെ പുതിയ മുഖമുദ്രയായി മാറി. ഒരു സ്വതന്ത്ര രാജ്യമായി ഇന്ത്യ ആദ്യ ഒളിമ്പിക് സ്വർണം നേടിയത് ബൽബീറിന്റെ സ്റ്റിക്ക് വർക്കിന്റെ മികവിലായിരുന്നു.
1952 ലെയും ഹെൽസിങ്കി ഒളിമ്പിക്സുകളിൽ ഇന്ത്യയുടെ പതാകാവാഹകൻ ബൽബീർ സിംഗായിരുന്നു. ഹെൽസിങ്കി ഒളിമ്പിക്സിലെ ഇന്ത്യയുടെ 13 ഗോളുകളിൽ ഒൻപതെണ്ണവും ബൽബീറിന്റെ വകയായിരുന്നു. സെമിയിൽ ബ്രിട്ടനെതിരെ ഹാട്രിക്കും ഫൈനലിൽ ഹോളണ്ടിനെതിരെ അഞ്ചുഗോളുകളും. ഒരു ഒളിമ്പിക്സ് ഫൈനലിൽ ഏറ്റവും കൂടുതൽ ഗോളുകളെന്ന ഗിന്നസ് റെക്കാഡും ഇദ്ദേഹത്തെ തേടിയെത്തി.
1956 ലെ മെൽബൺ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കിടീമിനെ നയിച്ചത് ബൽബീർ സിംഗാണ്. ഇൗ ഒളിമ്പിക്സിലും ഉദ്ഘാടനച്ചടങ്ങിലെ പതാകാവാഹകൻ ഇദ്ദേഹമായിരുന്നു. 1957 ൽരാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഇൗ പുരസ്കാരം നേടുന്ന ആദ്യ ഹോക്കി താരമായിരുന്നു.
1958 ൽ ബൽബീർസിംഗ് കളിക്കളത്തിൽ നിന്ന് വിരമിച്ചു. 1975 ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ മാനേജരായി പ്രവർത്തിച്ചു.
1982 ഏഷ്യൻ ഗെയിംസിന്റെ ദീപം തെളിക്കാനായി തിരഞ്ഞെടുക്കപ്പെട്ടത് ബൽബീർ സിംഗാണ്.
പഞ്ചാബ് സ്റ്റേറ്റ് കൗൺസിലിന്റെ സെക്രട്ടറിയായും ഡയറക്ടർ ഒഫ് സ്പോർട്സായും പ്രവർത്തിച്ച അദ്ദേഹം 1992 ൽ വിരമിച്ചു.
1977 ലാണ് ബൽബീർ സിഗ് തന്റെ ആത്മകഥയായ ദ ഗോൾഡൻ ഹാട്രിക് മൈ ഹോക്കി ഡേയ്സ് പുറത്തിറക്കിയത്.
2008 ൽ രണ്ടാമത്തെ പുസ്തകമായ ദ ഗോൾഡൻ യാഡ്‌സ്റ്റിക്: ഇൻക്വെസ്റ്റ് ഒഫ് ഹോക്കി എക്‌സലൻസ് പുറത്തിറങ്ങി.
2019 ജൂലായിൽ പഞ്ചാബ് ഗവൺമെന്റ് മഹാരാജ് രഞ്ജിത്ത് സിംഗ് അവാർഡ് സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |