വാഷിംഗ്ടൺ: ലോക രാജ്യങ്ങളെയെല്ലാം തകർത്തെറിഞ്ഞ കൊവിഡ് വൈറസ് വ്യാപനം ഏറ്റവുമധികം പ്രതിസന്ധിയിലാക്കിയത് നാല് രാജ്യങ്ങളെയാണ്. അമേരിക്കയ്ക്ക് പിന്നാലെ ലാറ്റിൻ അമേരിക്കയിലെ ബ്രസീലിനെയും ഏഷ്യൻ വൻകരയിലെ റഷ്യ, ചൈന രാജ്യങ്ങളെയും വൈറസ് വ്യാപനം ഓരോ ദിവസവും ഭീതിയിലാക്കുകയാണ്. കൊവിഡ് 19 എന്ന ഭൂതത്തെ കുപ്പി തുറന്ന് വിട്ടെന്ന ആരോപണം നേരിടുന്ന ചെെനയിൽ ഒരിട വേളയ്ക്ക് ശേഷം രോഗം വ്യാപിക്കുകയാണ്. സാമൂഹ്യ വ്യാപനമെന്ന ഘട്ടമായതിനാൽ സർക്കാർ പരാജയപ്പെട്ടെന്നും ആക്ഷേപമുണ്ട്.
ഇന്നലെ ചൈനയിൽ 11 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിൽ പത്ത് പേരും മംഗോളിയൻ അതിർത്തിയിൽ നിന്നെത്തിയവരാണ്. സിചുവാൻ പ്രവിശ്യക്കാരനായ ഒരാൾക്കും രോഗബാധ കണ്ടെത്തി. രോഗലക്ഷണങ്ങളില്ലാത്ത 40 വൈറസ് ബാധിതർ കൂടി ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതാണ് ഭരണകൂടത്തെ ആശങ്കപ്പെടുത്തുന്നത്.
ലാറ്റിനമേരിക്കൻ രാജ്യങ്ങളും വൈറസിന് മുന്നിൽ പരിഭ്രാന്തരായിട്ടുണ്ട്. ബ്രസീലിലും മെക്സിക്കോയിലും പെറുവിലുമാണ് രോഗികളുടെ എണ്ണം അതിവേഗത്തിൽ കൂടുന്നത്. ലോകത്ത് ഏറ്റവുമധികം രോഗികളുള്ള രണ്ടാമത്തെ രാജ്യമായി ബ്രസീൽ മാറിയതോടെ കാര്യങ്ങൾ കൈവിട്ട് പോകുകയാണ്. ആഭ്യന്തര സംഘർഷത്തിന് പോലും രോഗ പ്രതിരോധത്തിലെ പാളിച്ച ഇടയാക്കിയേക്കും.
ബ്രസീലിൽ ഇന്നലെ 15,813 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.പ്രസിഡന്റ് ജെയ്ര് ബോൾസൊനാരോയുടെ ജാഗ്രത കുറവാണ് ഇതിന് ഇടയാക്കിയതെന്ന ആക്ഷേപവും ശക്തമാണ്.
കൊലയാളി എന്നു വിളിച്ചാണ് ജനക്കൂട്ടം ഇദ്ദേഹത്തിനെതിരെ പ്രതിഷേധിക്കുന്നത്. ഇന്നലെ ബ്രസീലിൽ 653 പേർ കൂടി മരിച്ചതോടെ പ്രതിഷേധം നിയന്ത്രണാതീതമാകുകയാണ്. ഇതിനിടെ കഴിഞ്ഞ 14 ദിവസത്തിനിടെ ബ്രസീൽ സന്ദർശിച്ചവർക്ക് അമേരിക്ക പ്രവേശന വിലക്കേർപ്പെടുത്തിയത് ഇരു രാജ്യങ്ങൾക്കിടയിൽ അസംതൃപ്തിയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ലോകത്ത് 3.47ലക്ഷം പേരാണ് ഇതുവരെ മരിച്ചത്. 55.5 ലക്ഷം പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു.
അമേരിക്കയിൽ ഇന്നലെ 20,634 പേർക്കാണ് രോഗം കണ്ടെത്തിയത്. 633 പേർ കൂടി മരിച്ചതോടെ ട്രമ്പിന്റെ നിലയും പരുങ്ങലിലാണ്. വാചക കസർത്തിലൂടെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. അമേരിക്കയിൽ ഇതിനകം മരിച്ചവരുടെ എണ്ണം ഒരുലക്ഷത്തിലേക്ക് അടുത്തു. 17,135 പേർ ഗുരുതരാവസ്ഥയിലാണ്. റഷ്യയിൽ ഇന്നലെ മാത്രം 8946 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 92 പേരാണ് ഒടുവിൽ മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |