കൊല്ലം: കൊലപാതക കേസിലെ അത്യപൂർവ തെളിവായി പാമ്പിന്റെ ശരീരാവശിഷ്ടങ്ങൾ വിചാരണ കോടതിയിലെത്തും.
അഞ്ചൽ ഏറം വിഷുവിൽ വെള്ളശ്ശേരിവീട്ടിൽ വിജയസേനൻ- മണിമേഖല ദമ്പതികളുടെ മകൾ ഉത്രയെ (25) കൊലപ്പെടുത്താൻ ഭർത്താവ് സൂരജ് ഉപയോഗിച്ച മൂർഖൻ പാമ്പിന്റെ മറവുചെയ്ത ശരീരം ഇന്നലെ പുറത്തെടുത്ത് മൂന്നു മണിക്കൂർ നീണ്ട പോസ്റ്റുമോർട്ടത്തിന് വിധേയമാക്കി തെളിവുകൾ ശേഖരിച്ചു.
152 സെന്റിമീറ്റർ നീളമുള്ള പാമ്പിന് ഉഗ്രവിഷം പുറപ്പെടുവിക്കാൻ ശേഷിയുള്ള രണ്ട് വിഷപ്പല്ലുകൾ ഉണ്ടായിരുന്നു. കുഴിച്ചിട്ട് 20 ദിവസത്തിന് ശേഷമാണ് പുറത്തെടുത്തതെങ്കിലും ചെതുമ്പലിന്റെ സവിശേഷതകാരണം ശരീരം നശിച്ചിരുന്നില്ല. ആന്തരികായവയങ്ങൾ അഴുകി തുടങ്ങിയെങ്കിലും പാമ്പിനെ അതേതരത്തിൽ പുറത്തെടുക്കാനായി. പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസലായനിയിലാക്കിയ പാമ്പിനെയും അന്വേഷണ സംഘത്തിന് കൈമാറി. വിഷപല്ലും മറ്റും വേർതിരിച്ച് നൽകി.
ഉത്രയുടെ വലതു കൈത്തണ്ടയിലെ കടിയേറ്റ പാടുമായി ഒത്തു നോക്കുന്നതടക്കമുള്ള ശാസ്ത്രീയ പരിശോധന പൊലീസ് ഫോറൻസിക് വിഭാഗം നടത്തും.
രാവിലെ പതിനൊന്നിന് തുടങ്ങിയ പോസ്റ്റ്മോർട്ടം നടപടികൾ അന്വേഷണസംഘ തലവൻ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.അശോകന്റെ നേതൃത്വത്തിലാണ് ഏകോപിപ്പിച്ചത്. പൊലീസ് വെറ്ററിനറി വിഭാഗം അസി.ഡയറക്ടർ ഡോ.എൽ.ജെ. ലോറൻസ്, അസി.ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. കിഷോർ കുമാർ, തിരുവനന്തപുരം മൃഗശാലയിലെ വെറ്ററിനറി വിഭാഗം അസി. ഡയറക്ടർ ഡോ.ജേക്കബ് അലക്‌സാണ്ടർ എന്നിവരാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |