ജയ്പൂർ:- ഇന്ത്യയിൽ നിരവധി സംസ്ഥാനങ്ങളിൽ കാർഷികവിളകളുടെ നാശം വരുത്തിവച്ചത് പാകിസ്ഥാനിൽ നിന്നുള്ള വെട്ടുകിളികളെന്ന് രാജസ്ഥാൻ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബി.ആർ. കട്വ. വെട്ടുകിളികളുടെ പുതിയ വിളനിലമാണിത്. വെട്ടുകിളികളുടെ നാലോളം കൂട്ടങ്ങൾ കഴിഞ്ഞ 2-3 ദിവസങ്ങൾക്കിടയിൽ രാജസ്ഥാനിലേക്ക് എത്തിയിട്ടുണ്ടെന്ന് കട്വ പറഞ്ഞു.
ആഫ്രിക്കൻ രാജ്യങ്ങളിലെ ശക്തമായ മഴയെ തുടർന്ന് വൻകൂട്ടമായെത്തിയ വെട്ടുകിളികൾ അവിടെ വ്യാപക നാശമാണ് വിതച്ചത്. ബലൂചിസ്ഥാനിൽ ഉണ്ടായ വെട്ടുകിളികളാണ് ഇറാനിലും പാകിസ്ഥാനിലും ഇന്ത്യയിലും നാശം വിതക്കുന്നത്.
രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര,ഉത്തർ പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വെട്ടുകിളി ശല്യം ശക്തമാണ്. രാജസ്ഥാനിലാണ് ഏറ്റവുമധികം നാശമുണ്ടായതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഒരു മുതിർന്ന വെട്ടുകിളിക്ക് കാറ്റിനൊപ്പം 150 കിലോമീറ്ററോളം സഞ്ചരിക്കാനാകും. കൂട്ടമായെത്തുന്ന ഇവ വൻനാശമാണ് വലിയൊരു മേഖലയിൽ വിതക്കുക. ചെടികളുടെ പൂക്കൾ, ഇലകൾ,തോല്, വേര്, പഴങ്ങൾ, വിത്ത് മുതൽ എന്തും ഇവ ഭക്ഷിക്കും. ചോളം, നെല്ല്, അരിച്ചോളം,കരിമ്പ്, ബാർലി,പഴങ്ങൾ, ഈന്തപ്പന,പച്ചക്കറികൾ, പുല്ല്, അക്കേഷ്യ, പൈൻ, വാഴ എന്നിവയെല്ലാം വെട്ടുക്കിളികൾ തിന്ന് നശിപ്പിക്കും. ആഫ്രിക്കയിൽ 12 മില്യൺ ഹെക്ടറിൽ നാശം വിതച്ച 2003-2005 സമയത്തെ വെട്ടുകിളി ആക്രമണമാണ് ഈ നൂറ്രാണ്ടിലെ ഏറ്റവും വലുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |