തിരുവനന്തപുരം:പാമ്പുകടിയേറ്റ് കൊല്ലപ്പെട്ട ഉത്രയുടെ കൊല്ലം അഞ്ചലിലെ വീട്ടിൽ സഹായവുമായി കൗമുദി ടി.വി.ചാനലിലെ സ്നേക്ക് മാസ്റ്റർ പരിപാടി ഫെയിം വാവ സുരേഷ് എത്തി. വീടും പരിസരവും പരിശോധിച്ച സുരേഷ് ഇത്തരമൊരു ശീതീകരിച്ച വൃത്തിയും വെടിപ്പുമുള്ളതുമായ മുറിയിൽ ഒരുതരത്തിലും പാമ്പിന് ഇഴഞ്ഞെത്താനാകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. കഴിഞ്ഞ രണ്ടു ദശകക്കാലമായി പാമ്പുകളെ അടുത്തറിയുന്ന കേരളത്തിലെ ഏറ്റവും വിദഗ്ദ്ധനായ വാവയ്ക്ക് പാമ്പുകളുടെ രീതിയെ കുറിച്ച് ജീവിതാനുഭവത്തിന്റെ വലിയ അറിവുണ്ട്. സംഭവം കേട്ടപ്പോൾ തന്നെ, പാമ്പ് സ്വയം ഇഴഞ്ഞുവന്ന് യുവതിയെ ആക്രമിച്ചതാകാൻ ഒരുവഴിയുമില്ലെന്ന് പരിചയക്കാരോട് പറഞ്ഞതാണെന്നും സുരേഷ് പറഞ്ഞു.
ഇത്തരം സംഗതികൾ കേസിന്റെ മുന്നോട്ടുള്ള ഗതിയിലോ, വിചാരണവേളയിലോ ആവശ്യമായി വന്നാൽ അറിയിക്കുമെന്നും അദ്ദേഹം വീട്ടുകാരെ അറിയിച്ചു. പാമ്പ് ഇഴഞ്ഞതിന്റെ യാതൊരു അടയാളവും ജനാല ഉൾപ്പെടുന്ന ഒരു ഭാഗത്തും ഇല്ല. മാത്രമല്ല ഇത്രയും ഉയരമുള്ള ഭിത്തിയിലൂടെ പാമ്പിന് ഇഴഞ്ഞു കയറാനും സാധിക്കില്ല. ചുവരിലും ജനാലയുടെ അകത്തും പുറത്തും ആഴ്ചകളായി പറ്റിയിരിക്കുന്ന പൊടികളും അതുപോലെ തന്നെയുണ്ട്. മാത്രമല്ല വീടിന്റെ എയർ ഹോളുകളും സീൽഡാണ്. മുറ്റവും ചുറ്റുപാടും വളരെ വൃത്തിയുള്ളതാണ്. മുറ്റത്തിട്ടിരിക്കുന്ന മണലിൽ പാമ്പ് ഇഴഞ്ഞതിന്റെ പാടുകളോ ഉത്രയുടെ മുറിയിൽ പാമ്പിൻ വിസർജ്യത്തിന്റെ അടയാളങ്ങളോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റകൃത്യത്തിന് ശിക്ഷ ലഭിക്കുന്നത് തെളിവിന്റെ അടിസ്ഥാനത്തിലായിരിക്കും. എന്നിരുന്നാലും പാമ്പിനെപ്പോലുള്ള വന്യജീവിയെ തെറ്റായി കൈകാര്യം ചെയ്തതിന് വന്യജീവി നിയമപ്രകാരം പരമാവധി ഏഴുവർഷം വരെ ശിക്ഷ ഉറപ്പാണെന്നും വാവ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |