*ക്വാറന്റൈന് പണം വാങ്ങാൻ കേന്ദ്രസർക്കാർ പറഞ്ഞിട്ടില്ല
ന്യൂഡൽഹി: കള്ളക്കണക്കുകൾ നിരത്തി കൊവിഡ് സമൂഹവ്യാപനം മറച്ചു വച്ച കേരള സർക്കാർ, ഇപ്പോൾ പ്രവാസികളെ കുറ്റപ്പെടുത്തുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ക്വാറന്റൈനിൽ പോകുന്നവരോട് പണം വാങ്ങാൻ കേന്ദ്രസർക്കാർ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ കൊവിഡ് വ്യാപനത്തിന് കാരണം സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണ്. സമൂഹവ്യാപനമുണ്ടോ എന്നുറപ്പിക്കാനുള്ള ഐ.സി.എം. ആർ നിർദ്ദേശം നടപ്പാക്കിയിട്ടില്ല. രോഗപരിശോധനയിൽ സംസ്ഥാനം രാജ്യത്ത് 26-ാം സ്ഥാനത്താണ്. കള്ളക്കണക്കുകൾ കാണിച്ച് രോഗവ്യാപനമില്ലെന്നാണ് നേരത്തെ പറഞ്ഞത്. ഇപ്പോൾ മുഖ്യമന്ത്രിയും സംഘവും സ്വന്തം വീഴ്ചകൾ മറയ്ക്കാൻ പ്രവാസികളെ കരുവാക്കുന്നു.
സർക്കാർ ക്വാറന്റൈനിൽ പോകുന്ന പാവപ്പെട്ട പ്രവാവസികളിൽ പണം വാങ്ങാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടില്ല. 14 ദിവസം ക്വാറന്റൈൻ വേണമെന്ന കേന്ദ്ര നിർദ്ദേശം നടപ്പാക്കിയിട്ടുമില്ല. കോടതിയിൽ ക്വാറന്റൈൻ സൗകര്യം സംബന്ധിച്ച് കണക്കുകൾ പെരുപ്പിച്ച് കാട്ടി പ്രവാസികളെ കബളിപ്പിച്ചതാണെന്ന് വ്യക്തമായി. പി.എൻ. ആർ നമ്പർ ഇല്ലാത്തതിനാൽ ശ്രമിക് ട്രെയിനുകളിൽ വരുന്ന മറു നാടൻ മലയാളികൾ കൊവിഡ് പോർട്ടലിൽ രജിസ്‌റ്റർ ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഇതുമായി ബന്ധപ്പെട്ട് റെയിൽവെ മന്ത്രി പിയൂഷ് ഗോയലിനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്‌താവന ദൗർഭാഗ്യകരമായി. രണ്ടാഴ്‌ച കഷ്ടിച്ച് 10000 പ്രവാസികൾ മാത്രമാണ് വിമാനത്തിൽ കേരളത്തിലെത്തിയത്. വിമാനങ്ങളുടെ എണ്ണം കുറയ്‌ക്കണമെന്ന സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്നാണിത്. കൂടുതൽ ആളുകൾ വരുമ്പോഴുള്ള സാഹചര്യങ്ങൾ മുൻകൂട്ടി കാണുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും വി. മുരളീധരൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |