സോൾ: കൊവിഡ് വൈറസ് വ്യാപനം ചൈനയ്ക്ക് പുറത്ത് ആദ്യം പിടിമുറുക്കിയ രാജ്യമായിരുന്നു ദക്ഷിണ കൊറിയ. ഫലപ്രദമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ വൈറസിനെ കീഴടക്കി ലോകത്തിന് തന്നെ മാതൃകയായ പ്രവർത്തനമാണ് ദക്ഷിണ കൊറിയ കാഴ്ചവച്ചത്. പരിശോധനകൾ വ്യാപകമാക്കിയും സാമൂഹിക അകലം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ശക്തമായി പാലിച്ചുമാണ് ദക്ഷിണ കൊറിയ രോഗവ്യാപനം പിടിച്ചുനിറുത്തിയത്.
രോഗലക്ഷണങ്ങളില്ലാത്തവരെ പോലും പരിശോധനയ്ക്ക് വിധേയമാക്കുന്ന തരത്തിൽ ടെസ്റ്റുകൾ രാജ്യത്തിന്റെ എല്ലാ ഭാഗത്തും നടത്തിയാണ് കൊവിഡ് ബാധിതരെ കണ്ടെത്തിയത്. എന്നാൽ പിന്നീട് രണ്ടാം ഘട്ട വ്യാപനഭീതിയും രോഗമുക്തർ വീണ്ടും കൊവിഡ് ബാധിതരാകുന്ന സ്ഥിതിയും ദക്ഷിണ കൊറിയയിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
രോഗം നിയന്ത്രണ വിധേയമായപ്പോൾ സ്‌കൂളുകളും പാർക്കുകളും വിനോദ കേന്ദ്രങ്ങളുമെല്ലാം തുറന്നിരുന്നു. എന്നാൽ, വീണ്ടും രോഗബാധിതരുടെ എണ്ണം കുതിച്ചുയരാൻ തുടങ്ങിയതോടെ രാജ്യം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ്. പുതുതായി ഒരാൾക്ക് പോലും രോഗം സ്ഥിരീകരിക്കാത്ത ദിവസങ്ങൾക്ക് ശേഷമാണ് ദക്ഷിണ കൊറിയ സ്‌കൂളുകൾ തുറക്കുകയും നിയന്ത്രണങ്ങൾ നീക്കുകയും ചെയ്തത്.
മേയ് ആറിനാണ് വ്യാപാരസ്ഥാപനങ്ങളും സ്‌കൂളുകളും ഉൾപ്പെടെ തുറന്നത്. എന്നാൽ, മേയ് അവസാനമാകുമ്പോൾ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. വ്യാഴാഴ്ച 79 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രിൽ അഞ്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
പുതുതായി രോഗം സ്ഥിരീകരിച്ച 79 കേസുകളിൽ 67 പേരും രാജ്യ തലസ്ഥാനമായ സോളിലാണ്. തുടർച്ചായി അഞ്ചാം ദിവസമാണ് 50ലേറെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത രണ്ടാഴ്ച രാജ്യത്തെ സംബന്ധിച്ച് നിർണായകമാണെന്ന് ദക്ഷിണ കൊറിയൻ ആരോഗ്യ മന്ത്രി പാർക് ന്യൂങ് ഹൂ പറഞ്ഞു. തുടർച്ചയായി പുതിയ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും രാജ്യത്ത് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നത്.
ജൂൺ 14 വരെ ലോക്ക് ഡൗൺ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. അയവ് വരുത്തിയ നിയന്ത്രണങ്ങൾ വീണ്ടും പാലിക്കാൻ തുടങ്ങണമെന്നും മന്ത്രി ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. പുറത്തിറങ്ങുന്നവർ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. വീണ്ടും രോഗം പിടിമുറുക്കാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങൾ പാലിച്ചേ മതിയാകൂ എന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടച്ചിടാൻ സർക്കാർ നിർദേശം നല്‍കിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |