ചെറുതോണി: വണ്ടിപ്പെരിയാർ സ്റ്റേഷനിൽ കയറി പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സി.പി.എം നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ പാർട്ടി തീരുമാനിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. തിലകനെയും ജില്ലാ കമ്മിറ്റിയംഗം ജി. വിജയാനന്ദനെയും പരസ്യമായി ശാസിക്കാൻ ജില്ലാ കമ്മിറ്റി ഐകകണ്ഠേന തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ അറിയിച്ചു. സംഭവം പാർട്ടിയുടെ അന്തസിനും സൽപ്പേരിനും കളങ്കമുണ്ടാക്കിയതിനാലാണ് നടപടി. പാർട്ടിയുടെ ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്ന ഉത്തരവാദിത്വമുള്ള നേതാക്കൾ ഏത് സാഹചര്യത്തിലാണെങ്കിലും പൊലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയത് വളരെ ഗൗരവത്തോടെയാണ് പാർട്ടി വിലയിരുത്തുന്നതെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. പൊതുസമൂഹത്തിന് ഉൾക്കൊള്ളാനാകാത്ത പെരുമാറ്റവും പ്രവർത്തനവും ഒരാളിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഇക്കാര്യത്തിൽ പാർട്ടി കർശനമായി നിലപാടെടുക്കുകയും ഇത് സംബന്ധിച്ച് നേതാക്കളോട് വിശദീകരണം ചോദിക്കുകയും ചെയ്തു. വിശദീകരണം ഒട്ടും തൃപ്തികരമല്ലെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തിയതിനെ തുടർന്നാണ് പരസ്യശാസന. ബുധനാഴ്ചയായിരുന്നു വിവാദമായ സംഭവം. മാസ്‌കും ഹെൽമറ്റുമില്ലാതെ ബൈക്ക് ഓടിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയും 1000 രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. തിലകൻ, പീരുമേട് ഏരിയ സെക്രട്ടറി ജി. വിജയാനന്ദ് എന്നിവർ പ്രവർത്തകരോടൊപ്പം വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെത്തി പൊലീസുകാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവത്തിൽ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |