ചാവക്കാട്: ദേശീയപാതയിൽ റൈസിംഗ് നടത്തിയ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. വൻ അപകടം ഒഴിവായി. എടക്കഴിയൂർ പോസ്റ്റിനടുത്ത് ചുവന്ന സ്വിഫ്റ്റ് കാറുമായി വന്ന യുവാവാണ് തിരക്കേറിയ ജംഗ്ഷനിൽ കാർ റൈസിംഗ് നടത്തിയത്. നിരവധി തവണ ദേശീയ പാതയിലൂടെ തലങ്ങും വിലങ്ങും പാഞ്ഞ കാർ അവസാനം 11 കെ.വി. ലൈൻ പോസ്റ്റിൽ വന്നിടിക്കുകയായിരുന്നു. എടക്കഴിയൂർ സ്വദേശിയായ യുവാവ് മദ്യ ലഹരിയിലായിരുന്നന്ന് നാട്ടുകാർ പറയുന്നു.
നിരവധി ആളുകൾ തടിച്ചുകൂടുന്ന സ്ഥലത്ത് കാറിന്റെ അമിത വേഗം കണ്ട് ആളുകൾ ഓടി രക്ഷപ്പെടുകയായിരുന്നു. ചാവക്കാട് പൊലീസ് സ്ഥലത്തെത്തി. എടക്കഴിയൂർ ഖാദിരിയാ ബീച്ച് സ്വദേശി രായംമരയ്ക്കാർ വീട്ടിൽ അബുബക്കർ മകൻ ഷെഫീഖിനെ(28) ചാവക്കാട് എസ്.എച്ച്.ഒ: അനിൽകുമാർ ടി. മേപ്പിള്ളിയുടെ നിർദ്ദേശ പ്രകാരം എസ്.ഐ: കെ.പി. ആനന്ദ്, സി.പി.ഒ മുഹമ്മദ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. കാർ കസ്റ്റഡിയിലെടുത്തു. അപകടത്തെ തുടർന്ന് പരിസര പ്രദേശങ്ങളിൽ വൈദ്യുതി നിലച്ചു. കെ.എസ്.ഇ.ബി ജീവനക്കാർ എത്തി അറ്റകുറ്റപ്പണികൾ നടത്തി വൈദ്യുതി പുനഃസ്ഥാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |