അരുവാപ്പുലം: മലയോരത്തിന്റെ മധുരമായ റമ്പുട്ടാനും ലോക് ഡൗണിൽപ്പെട്ടു. കച്ചവടമില്ലാതെ വിപണി കടുത്ത മാന്ദ്യത്തിലാണ്. നേരത്തെതന്നെ ജില്ലയിലും തമിഴ്നാട്ടിൽ നിന്നുമുള്ള കച്ചവടക്കാർ വീടുകളിലെത്തി വീട്ടുകാരുമായി ഇവയ്ക്ക് വില പറഞ്ഞുറപ്പിക്കുകയാണ് ചെയ്യുന്നത്. പഴുത്തുതുടങ്ങുമ്പോൾ പറിച്ചെടുത്ത് തമിഴ് നാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വിൽപനയ്ക്ക് അയയ്ക്കും..
ജില്ലയിൽ കടമുറികൾ വാടകയ്ക്കെടുത്താണ് ഇവ സംഭരിക്കുന്നത്. പക്ഷേ ഇത്തവണ കച്ചവടക്കാർ രംഗത്തിറങ്ങിയിട്ടില്ല. കൊവിഡ് കാരണം മറ്റ് സ്ഥലങ്ങളിലെത്തിച്ച് കച്ചവടം നടത്താനാവാത്തതാണ് ബുദ്ധിമുട്ടിക്കുന്നത്. മലേഷ്യ, തായ്‌ലന്റ്, ഇന്ത്യോനേഷ്യ, ഫിലിപ്പയിൻസ് എന്നിവിടങ്ങളിൽ കൃഷി ചെയ്തുവന്നിരുന്ന റമ്പുട്ടാൻ 20 വർഷങ്ങൾക്ക് മുമ്പാണ് മലയോര മേഖലയിൽ എത്തിയത്.തോട്ടമായി റമ്പുട്ടാൻ കൃഷി ചെയ്യുന്നവരുമുണ്ട്.
----------------
പ്രതീക്ഷ നൽകിയ കൃഷി
റബറിന്റെയും കുരുമുളകിന്റെയും വിലത്തകർച്ചയാണ് കർഷകരെ റമ്പൂട്ടാനിലേക്ക് ആകർഷിച്ചതെന്ന് മുൻ എം.എൽ.എ പി.ജെ.തോമസ് പറഞ്ഞു.. വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാകില്ലെന്നതും പ്രത്യേകതയായിരുന്നു. രോമനിബിഡം എന്ന മലയൻ വാക്കിൽ നിന്നാണ് റബുട്ടാൻ എന്ന പേരു വന്നത്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണ്ണാടക എന്നിവിടങ്ങളിൽ കഴിഞ്ഞ സീസണിൽ കിലോഗ്രാമിന് 600 രൂപ വരെ വിലയുണ്ടായിരുന്നു
തൈകൾ നട്ട് മൂന്നാം വർഷം മുതൽ പൂവിടുകയും ഏഴാം വർഷം മുതൽ ഫലങ്ങൾ ലഭിച്ചു തുടങ്ങുകയും ചെയ്യും.. തോട്ടമായി വളർത്തുമ്പോൾ തൈകൾ തമ്മിൽ 30 അടി അകലം വേണമെന്ന് കോന്നി കൃഷി ഓഫീസർ ജ്യോതിലക്ഷ്മി പറഞ്ഞു. വെജിറ്റമ്പിൾ ആൻഡ് ഫുഡ് പ്രൊമോഷൻ കൗൺസിൽ, ഹോർട്ടികോർപ്പ് എന്നിവയിലൂടെ റമ്പൂട്ടാൻ വിൽപ്പന നടത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |