മലപ്പുറം: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിൽ മനംനൊന്ത് മലപ്പുറത്ത് വളാഞ്ചേരിയിൽ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്‌തു. ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് മരണപ്പെട്ട ദേവിക. ഇന്നലെ വൈകിട്ടാണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്.
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റാത്തതിന്‍റെ വിഷമം മകൾ പങ്കുവെച്ചിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. പണം ഇല്ലാത്തതിനാൽ കേടായ ടി.വി നന്നാക്കാൻ കഴിയാത്തതും, സ്‍മാര്‍ട്ട് ഫോൺ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളർത്തിയിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടര്‍ന്ന് പണിക്കുപോകാൻ കഴിഞ്ഞിരുന്നില്ല. പഠിക്കാൻ മിടുക്കിയായിരുന്ന പെൺകുട്ടി പഠനം തടസപെടുമോയെന്ന് ആശങ്കപെട്ടിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
മൃതദേഹം വീടിനടുത്തുള്ള ആളൊഴിഞ്ഞുകിടക്കുന്ന മറ്റൊരു വീട്ടു മുറ്റത്ത് കത്തിക്കരിഞ്ഞനിലയിലാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം നാലോടെ കുട്ടിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടന്ന തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടത്. മണ്ണെണ്ണയുടെ ഒഴിഞ്ഞ കുപ്പി സമീപത്തുനിന്നു ലഭിച്ചതായും പ്രാഥമികാന്വേഷണത്തില്‍ ദുരൂഹതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും വളാഞ്ചേരി സ്റ്റേഷന്‍ ഓഫീസര്‍ എം.കെ. ഷാജി പറഞ്ഞു.
ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍കരീം, തിരൂര്‍ ഡിവൈ.എസ്.പി കെ.എ. സുരേഷ്ബാബു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് മൃതദേഹം പരിശോധനയ്ക്കുശേഷം മേല്‍നടപടികള്‍ക്കായി മഞ്ചേരി മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |