കൊച്ചി: കൊവിഡ് പ്രതിസന്ധിമൂലം ആഗോള ചരക്കുനീക്കം സ്‌തംഭിച്ചതിനാൽ, ഏപ്രിലിൽ ഇന്ത്യയിൽ നിന്നുള്ള വാണിജ്യാധിഷ്‌ഠിത കയറ്റുമതി 60.3 ശതമാനം ഇടിഞ്ഞു. ഇന്ത്യയിൽ നിന്നുള്ള 30 കയറ്റുമതി ഇനങ്ങളിൽ ഇരുമ്പയിരും മരുന്നുകളും മാത്രമാണ് ഏപ്രിലിൽ വളർച്ച നേടിയതെന്ന് റേറ്രിംഗ് ഏജൻസിയായ കെയർ റേറ്റിംഗ്‌സിന്റെ റിപ്പോർട്ട് വ്യക്തമാക്കി.
ഇരുമ്പയിര് 17.5 ശതമാനവും മരുന്നുകൾ 0.25 ശതമാനവുമാണ് വളർച്ച കുറിച്ചത്. ഏപ്രിലിൽ ഇന്ത്യയുടെ ഇറക്കുമതി 58.7 ശതമാനവും കുറഞ്ഞു. ഇറക്കുമതിച്ചെലവ് കുറഞ്ഞത്, വ്യാപാരക്കമ്മി അഞ്ചുവർഷത്തെ താഴ്ചയിലെത്താൻ സഹായകമായി. ഏപ്രിലിൽ 676 കോടി ഡോളറാണ്, ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി. ഇന്ത്യയുടെ വിദേശ നാണയ വരുമാനവും ചെലവും തമ്മിലെ അന്തരമായ കറന്റ് അക്കൗണ്ട് കമ്മി ഒക്‌ടോബർ-ഡിസംബർ പാദത്തിൽ ജി.ഡി.പിയുടെ 0.2 ശതമാനമായി കുറഞ്ഞെന്നും റിപ്പോർട്ടിലുണ്ട്. 2018-19ലെ സമാനപാദത്തിൽ ഇത് 2.7 ശതമാനമായിരുന്നു.
കഴിഞ്ഞമാസം ഡോളറിനെതിരെ രൂപയുടെ മൂല്യം ഏപ്രിലിനെ അപേക്ഷിച്ച് 0.7 ശതമാനം വർദ്ധിച്ച് 75.68ലെത്തി. ക്രൂഡോയിൽ വിലയിടിവും വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപത്തിലെ വർദ്ധനയുമാണ് രൂപയ്ക്ക് നേട്ടമായത്. അമേരിക്ക-ചൈന തർക്കംമൂലം ഡോളർ ദുർബലപ്പെട്ടതും രൂപയ്ക്ക് ഗുണം ചെയ്‌തു. ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരം മേയിൽ സർവകാല റെക്കാഡുയരമായ 49,000 കോടി ഡോളറിലുമെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |