ശ്രീനഗർ: പാകിസ്ഥാൻ ഭീകരസംഘടനയായ 'ജയ്ഷെ-മുഹമ്മദി'ന്റെ 'ടോപ്പ്' ബോംബ് നിർമാതാവായ ഫൗജി ഭായ് എന്ന അബ്‌ദുൾ റഹമാനെ വകവരുത്തി ഇന്ത്യൻ സുരക്ഷാ സേന. ഇന്ന് പുലർച്ചയോടെ സേന വധിച്ച മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരിൽ ഒരാൾ അബ്‌ദുൾ റഹ്‌മാൻ ആയിരുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഏറെനാളുകളായി സേന പാകിസ്ഥാൻ പൗരനായ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വരികയായിരുന്നു.
പുൽവാമയിലെ രാജ്‌പോരയിൽ കണ്ടെത്തിയ കാർ ബോംബിന് പിന്നിലും അബ്‌ദുൾ റഹ്‌മാനാണ് പ്രവർത്തിച്ചതെന്ന വിവരവും സേനയ്ക്ക് ലഭിച്ചിരുന്നു. ഇയാൾ ഇതോടൊപ്പം രണ്ട് കാർ ബോംബുകൾ കൂടി നിർമിച്ചിട്ടുണ്ട്. ഇവയ്ക്കായി സേന ഇപ്പോൾ അന്വേഷണത്തിലാണ്. കാശ്‌മീരിൽ സുരക്ഷാ സേനകളെ ലക്ഷ്യം വച്ച് നിരവധി ആക്രമണങ്ങൾ ജയ്ഷെ മുഹമ്മദ് ആസൂത്രണം ചെയ്തിരുന്നതായും സേനയ്ക്ക് അറിവുണ്ടായിരുന്നു.
മറ്റൊരു ജയ്‌ഷെ ഭീകരവാദിയായ സലീം അഹമ്മദ് ദറിന് എത്തിക്കുമ്പോഴായിരുന്നു രാജ്‌പോരയിൽ കാർബോംബ് കണ്ടെടുക്കുന്നത്. ഫെബ്രുവരി 14 2019ൽ സി.ആർ.പി.എഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിനു നേരെ സ്‌ഫോടകവസ്‌തു നിറച്ച വാഹനം ഇടിച്ചുകയറ്റി 40 ഭരത്പുത്രന്മാരുടെ മരണത്തിനിടയാക്കിയത് സലീമിന്റെ സഹോദരൻ ആദിൽ ദർ ആയിരുന്നു.
ഇത്തവണ ഇയാളാണ് സുരക്ഷാ സേനയുടെ ക്യാമ്പിലേക്ക് സ്ഫോടകവസ്തു നിറച്ച വാഹനം ഓടിച്ച് കയറ്റാൻ തയ്യാറായി നിന്നത്. ഇന്ന് രാവിലെ നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് മൂന്ന് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ സൈന്യം വധിച്ചത്. പ്രദേശത്തെ മൊബൈലും അനുബന്ധ സേവനങ്ങളും നിലവിൽ വിച്ചേദിച്ചിരിക്കുകയാണ്. മറ്റ് തീവ്രവാദികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും സൈന്യം വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |