കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2019-20) അവസാനപാദമായ ജനുവരി-മാർച്ചിൽ ഇന്ത്യയിൽ നിന്നുള്ള കയർ/കയറുത്പന്ന കയറ്റുമതി കുറിച്ചത് മികച്ച നേട്ടം. കയർ ബോർഡിന്റെ പ്രാഥമിക വിലയിരുത്തൽ പ്രകാരം കഴിഞ്ഞപാദത്തിൽ കയറ്റുമതി വരുമാനം 831 കോടി രൂപയായി ഉയർന്നു. 2019ലെ സമാനപാദത്തിൽ വരുമാനം 800.50 കോടി രൂപയായിരുന്നു.
ആഗോളതലത്തിൽ കൊവിഡ് മഹാമാരി വീശിയടിക്കുകയും ഒട്ടുമിക്ക രാജ്യങ്ങളും ലോക്ക്ഡൗണിൽ ആവുകയും ചെയ്‌തിട്ടും ഓർഡറുകളിൽ കുറവുണ്ടാകാതിരുന്നത് ജനുവരി-മാർച്ചിൽ കയറ്റുമതിക്ക് നേട്ടമായി. മാർച്ച് അവസാന വാരമാണ് ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതെന്നതിനാൽ, ചരക്കുനീക്കവും തടസപ്പെട്ടില്ല.
ആഗോള സാമ്പത്തിക ഞെരുക്കം ഉൾപ്പെടെ ഒട്ടേറെ വെല്ലുവിളികൾനിറഞ്ഞുനിന്നിട്ടും കഴിഞ്ഞവർഷം 2,731.57 കോടി രൂപയുടെ വരുമാനം കയർ മേഖല നേടിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. 2018-19ൽ വരുമാനം 2,800 കോടി രൂപയായിരുന്നു. മൂല്യം (വാല്യൂ) കണക്കാക്കിയാൽ, ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം കയർ/കയറുത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യം അമേരിക്കയാണ്. ഇറക്കുമതി അളവിൽ (ക്വാണ്ടിറ്റി) ചൈനയാണ് മുന്നിൽ. യൂറോപ്പും ദക്ഷിണ കൊറിയയുമാണ് മറ്ര് പ്രധാന വിപണികൾ.
നടപ്പുവർഷം വലിയ ലക്ഷ്യം
₹3,500 കോടി
ആഗോളതലത്തിൽ കൊവിഡ് സൃഷ്‌ടിച്ച പ്രതിസന്ധി കയർ/കയറുത്പന്ന കയറ്റുമതിയെ ബാധിക്കില്ലെന്ന ശുഭപ്രതീക്ഷയാണ് കയർ ബോർഡിനുള്ളത്. നടപ്പുവർഷം പ്രതീക്ഷിക്കുന്ന വരുമാനം 3,500 കോടി രൂപ.
കൂടുതൽ വിപണികളിലേക്ക്
നിലവിൽ ചൈന, അമേരിക്ക, യൂറോപ്പ്, ദക്ഷിണ കൊറിയ എന്നിവയാണ് ഇന്ത്യൻ കയർ/കയറുത്പന്നങ്ങളുടെ പ്രധാന വിപണികൾ. ഇവിടങ്ങളിലേക്കുള്ള കയറ്റുമതി വർദ്ധിപ്പിക്കുകയും പുതിയ രാജ്യങ്ങളിലേക്ക് കൂടി വിപണി വ്യാപിപ്പിക്കാനും കയർ ബോർഡ് ലക്ഷ്യമിടുന്നു. ഇതിനായി, മാർക്കറ്രിംഗ് നടപടികൾ കൂടുതൽ ഊർജ്വസ്വലമാക്കുമെന്ന് കയർ ബോർഡ് അധികൃതർ 'കേരളകൗമുദി"യോട് പറഞ്ഞു. മൂല്യവർദ്ധിത ഉത്പന്നങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകും.
കയറ്റുമതിക്കാരുടെ എണ്ണം വർദ്ധിപ്പിക്കും. 1,300 രജിസ്‌റ്റേഡ് കയറ്റുമതിക്കാരാണ് നിലവിലുള്ളത്.
രാജ്യാന്തര പ്രദർശനങ്ങളിലും മേളകളിലും സാന്നിദ്ധ്യമറിയിക്കും.
90%
ഇന്ത്യയിൽ നിന്നുള്ള കയർ കയറ്റുമതിയുടെ 90 ശതമാനവും കേരളത്തിൽ നിന്നാണ്.
കയറ്റുമതി നേട്ടം
(പ്രമുഖ കയർ/കയറുത്പന്നങ്ങളുടെ 2019-20ലെ പ്രാഥമിക വിലയിരുത്തൽ - തുക കോടി രൂപയിൽ)
ചകിരിച്ചോറ് : ₹1332.54
കയർ മാറ്ര് : ₹748.74
ചകിരി നാര് : ₹503.67
കയർ ഭൂവസ്ത്രം : ₹63.49
കയർ മാറ്രിംഗ്സ് : ₹12.39
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |