നിലമ്പൂർ: വീട്ടിൽ ടി.വിയില്ലാത്തതിനാൽ ഓൺലൈൻ പഠനം മുടങ്ങിയതിന്റെ വേദന അദ്ധ്യാപകരുമായി പങ്കുവെച്ച വഴിക്കടവിലെ പ്ലസ്ടു വിദ്യാർത്ഥിനി ഷബാന പർവീണിന് ഇനി തടസ്സങ്ങളില്ലാതെ പഠിക്കാം. സംസ്‌ക്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്തും അദ്ധ്യാപകൻ ബിനു പോളും പുതിയ ടെലിവിഷനുമായി വീട്ടിലെത്തി. വഴിക്കടവ് നാരോക്കാവ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ്പഠനത്തിൽ മിടുക്കിയായ ഷബാന.
അഞ്ച് സെന്റിൽ പഞ്ചായത്ത് നൽകിയ വീട്ടിൽ ഇല്ലായ്മകളോട് പൊരുതി കൂലിവേല ചെയ്താണ് മാതാവ് സുലൈഖ ഷബാനയെ പഠിപ്പിക്കുന്നത്. പത്താം ക്ലാസിൽ ഒമ്പത് വിഷയത്തിലും എ പ്ലസ് നേടിയാണ് ഷബാന വിജയിച്ചത്. ടെലിവിഷൻ വാങ്ങാൻ പണമില്ലാത്തതിനാൽ ഓൺലൈൻ പഠനം നിലയ്ക്കുകയായിരുന്നു. അദ്ധ്യാപകൻ ബിനു പോൾ വഴി വിവരമറിഞ്ഞാണ് ആര്യാടൻ ഷൗക്കത്ത് പുതിയ ടെലിവിഷനുമായി ഷബാനയുടെ വീട്ടിലെത്തിയത്. പിതാവ് ഉപേക്ഷിച്ചതിനാൽ ഷബാനയും സഹോദരി ഒന്നാംക്ലാസുകാരി ഷംനയും ഉമ്മയുടെ തണലിലാണ് വളരുന്നത്. പഠിച്ച് ഡോക്ടറായി കുടുംബത്തിന് തണലാകണമെന്നതാണ് ഷബാനയുടെ സ്വപ്നം. ഈ സ്വപ്നം പൂർത്തീകരിക്കാൻ ഷബാനയുടെ പഠന ചെലവ് ഏറ്റെടുക്കാമെന്നും ആര്യാടൻ ഷൗക്കത്ത് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |