കണ്ണൂർ: സംസ്ഥാനത്ത് ഗവൺമെന്റ് പ്രൈമറി സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകരുടെ സ്ഥലംമാറ്റവും നിയമനവും വൈകുന്നത് വിദ്യാഭ്യാസ രംഗത്ത് അനിശ്ചിതാവസ്ഥ സൃഷ്ടിച്ചേക്കും. സംസ്ഥാനത്ത് ഗവ. പ്രൈമറി സ്‌കൂളുകളിൽ മാത്രം 920 പ്രധാനാദ്ധ്യാപക തസ്തികകളാണ് കഴിഞ്ഞ മൂന്നു മാസമായി ഒഴിഞ്ഞു കിടക്കുന്നത്. ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള നീക്കമാണിതെന്നും ആരോപണമുയർന്നിട്ടുണ്ട്.
വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച ടൈം ഷെഡ്യൂൾ പ്രകാരം പ്രധാനാദ്ധ്യാപകരുടെ സ്ഥലം മാറ്റ ഉത്തരവിന്റെ പ്രാഥമിക പട്ടിക ജൂൺ 4 ന് ഇറങ്ങേണ്ടതാണ്. എന്നാൽ തിരുവനന്തപുരം ,കൊല്ലം, ആലപ്പുഴ, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകൾ മാത്രമേ ഇതുവരെ പ്രാഥമിക പട്ടികയെങ്കിലും പ്രസിദ്ധീകരിച്ചിട്ടുള്ളൂ: ബാക്കി ജില്ലകളിൽ ഇതുപോലുമായിട്ടില്ല. പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ച് ജൂൺ 10ന് അന്തിമ സ്ഥലം മാറ്റ ഉത്തരവ് പ്രസിദ്ധീകരിക്കേണ്ടതായിരുന്നു .
നിലവിലെ സാഹചര്യത്തിൽ അതിന് സാദ്ധ്യതയില്ല. സാധാരണ ഗതിയിൽ ഏപ്രിൽ മാസത്തിൽ നടപടികൾ പൂർത്തീകരിച്ച് മേയ് മാസത്തിൽ നിയമനങ്ങൾ നടത്തേണ്ടതാണ്. പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ജനുവരി മാസത്തിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കാൻ വിദ്യാഭ്യാസ വകുപ്പ് ആത്മാർത്ഥമായി ശ്രമിക്കുന്നില്ല.ഹൈക്കോടതി ഉത്തരവു പ്രകാരം ടെസ്റ്റ് യോഗ്യതയുള്ളവരെ മാത്രമേ ഇനി മുതൽ പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യാപക തസ്തികയിൽ പരിഗണിക്കാനാകൂ.നേരത്തെ 50 വയസ്സ് കഴിഞ്ഞവർക്ക് ടെസ്റ്റ് യോഗ്യത നേടുന്നതിന് അനുവദിച്ച ഇളവ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവോടെ ഇല്ലാതായി.
യോഗ്യതയില്ലാത്തവർ നേടുന്നത് സമ്മർദ്ദം വഴി
ടെസ്റ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകർ ഭരണകക്ഷി സംഘടന വഴി സർക്കാറിൽ സമ്മർദ്ദം ചെലുത്തി നിയമനങ്ങൾ നീട്ടിക്കൊണ്ടു പോകുകയാണ്. ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ ഏതെങ്കിലും വിധത്തിലുള്ള അനുകൂല പരാമർശം ഉണ്ടാകുന്നതുവരെ കാത്തിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. കൊവിഡ് കാലത്തുപോലും ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ, എ.ഇ.ഒ, ഡി.ഇ.ഒ. തുടങ്ങി വകുപ്പിലെ ഉയർന്ന സ്ഥാനങ്ങളിലുള്ള നിയമനങ്ങൾ വകുപ്പ് ശരവേഗത്തിൽ പൂർത്തിയാക്കിയപ്പോൾ പ്രൈമറി വിഭാഗത്തോടുള്ള അവഗണന തുടരുകയാണ്.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട മുഴുവൻ നിയമങ്ങളും അട്ടിമറിക്കുകയാണ് സംസ്ഥാന സർക്കാർ. പ്രൈമറി പ്രധാനാദ്ധ്യാപക നിയമനം ഇങ്ങനെ നീട്ടുന്നത് ചരിത്രത്തിൽ ആദ്യമാണ്. അമ്പത് വയസ്സ് പിന്നിട്ട ചില രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്കു ശാശ്വതമായി ഇളവ് നൽകി യോഗ്യതയുള്ളവരെ ഒഴിവാക്കാനാണ് സർക്കാൻ നീക്കം
കെ. എൻ. ആനന്ദ്, സംസ്ഥാന പ്രസിഡന്റ്,
കേരള ടെസ്റ്റ് ക്വാളിഫൈഡ് പ്രൈമറി ടീച്ചേഴ്സ് യൂണിയൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |