കോഴിക്കോട്: കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട ആരാധനാലയങ്ങൾ തുറക്കുന്നത് അധികൃതരുടെ നിർദ്ദേശങ്ങൾ പൂർണമായി പാലിച്ചാകണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. രോഗവ്യാപനം അനുദിനം കൂടി വരികയാണ്. ഈ മഹാവിപത്തിനെ തുടച്ചു നീക്കാൻ ആരോഗ്യവകുപ്പും സർക്കാരും മാത്രം വിചാരിച്ചാൽ നടക്കില്ല. ജനങ്ങൾ കൂടുതൽ ഉത്തരവാദിത്വവും കരുതലും കാണിക്കണം.
സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാൻ സാധിക്കാതെ വരികയാണെങ്കിൽ ബസ്‌സ്റ്റാന്റുകൾ, റെയിൽവേ സ്‌റ്റേഷൻ പരിസരങ്ങൾ, മറ്റു പ്രധാന നഗരങ്ങളിലെ പള്ളികൾ എന്നിവിടങ്ങളിൽ ജുമുഅ (വെള്ളിയാഴ്ച പ്രാർത്ഥന)ഒന്നോ രണ്ടോ ആഴ്ചകൾ കൂടി നീട്ടിവയ്ക്കാം. കോഴിക്കോട് നഗരത്തിലെ പള്ളികളിലും മെഡിക്കൽ കോളേജിനടുത്തെ പള്ളിയിലും ജുമുഅ നടത്തുന്നില്ലെന്നാണ് കേരള മുസ്ലിം ജമാഅത്തിന്റെ തീരുമാനം. ഗ്രാമങ്ങളിലും ഉൾനാടുകളിലും സർക്കാർ നിർദ്ദേശം പൂർണമായി പാലിച്ചായിരിക്കണം പ്രാർത്ഥന. കമ്മിറ്റി ഭാരവാഹികളും ഇമാമുമാരും അതീവ ജാഗ്രത പുലർത്തണം.
നൂറ് ചതുരശ്ര മീറ്ററിൽ പതിനഞ്ച് പേർ എന്ന നിർദ്ദേശം പാലിക്കണം. 65 വയസ്സിനു മുകളിലുള്ളവരും പത്ത് വയസ്സിനു താഴെയുള്ള കുട്ടികളും പള്ളിയിൽ പോകരുത്. നിർബന്ധമായും മാസ്ക് ഉപയോഗിക്കുകയും ആറടി അകലം പാലിക്കുകയും ചെയ്യണം. സോപ്പോ മറ്റോ ഉപയോഗിച്ച് കൈകൾ കഴുകാനുള്ള സൗകര്യവും പ്രവേശന കവാടത്തിൽ ഒരുക്കണം. വീടുകളിൽ നിന്നുതന്നെ അംഗശുദ്ധി വരുത്തുക. പള്ളികളിൽ ശുദ്ധിവരുത്താൻ ടാപ്പുകൾ മാത്രം ഉപയോഗിച്ചാൽ മതി. രോഗ ലക്ഷണമുള്ളവർ ഒരു കാരണവശാലും പള്ളികളിലേക്ക് പോകരുത്. നിസ്‌ക്കരിക്കാനുള്ള മുസ്വല്ല (വിരിപ്പ്) നിർബന്ധമായും ഓരോരുത്തരും കൊണ്ടുപോകണം. പ്രാർത്ഥനക്കെത്തുന്നവരുടെ പേരും ഫോൺ നമ്പറും രേഖപ്പെടുത്തുന്ന രജിസ്റ്റർ സൂക്ഷിക്കണമെന്നും കാന്തപുരം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |