കൊല്ലം: കാലവർഷം ശക്തി പ്രാപിച്ചതോടെ ജില്ലയിലെങ്ങും വ്യാപകനാശം. പല ഭാഗങ്ങളിലും രാവിലെ തുടങ്ങിയ മഴ തുള്ളിമുറിയാതെ രാത്രിയിലും തുടരുകയാണ്. ഉച്ചയോടെ മഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റ് ജില്ലയുടെ വടക്കൻ മേഖലയിൽ കാര്യമായ നാശം വിതച്ചു. കാർഷിക നശിച്ചതിനൊപ്പം
മരശിഖിരങ്ങൾ ഒടിഞ്ഞ് വീണ് വൈദ്യുതി തടസവുമുണ്ടായി. വിവിധ താലൂക്കുകളിലെ താഴ്ന്ന ഭാഗങ്ങൾ, നീരൊഴുക്കിന് തടസമുള്ള ഏലാകൾ എന്നിവിടങ്ങളിൽ വെള്ളം കെട്ടികിടക്കുകയാണ്. ശക്തമായ മഴ തുടർന്നാൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ ഉൾപ്പെടെ വെള്ളം കയറാനുള്ള സാദ്ധ്യതയുണ്ട്.
അടിയന്തര സാഹചര്യം ഉണ്ടായാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള ക്രമീകരണങ്ങൾ റവന്യൂ വകുപ്പ് നടത്തിയിട്ടുണ്ട്. ക്യാമ്പുകളാക്കാൻ കഴിയുന്ന സ്‌കൂളുകൾ, കെട്ടിടങ്ങൾ എന്നിവ കണ്ടെത്തി. ജലാശയങ്ങളിലെ നിരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കൊല്ലം, ഇരവിപുരം , കരുനാഗപ്പള്ളി അഴീക്കൽ തീരമേഖലകൾ കടലാക്രമണ ഭീഷണിയിലാണ്. ശക്തമായ തിരമാലകളാണ് തീരത്തേക്ക് അടിച്ച് കയറുന്നത്. കടലാക്രമണം ശക്തിപ്പെട്ടാൽ തീരത്തെ എണ്ണമറ്റ വീടുകളുടെ നിലനിൽപ്പിനെ ബാധിക്കും. കടൽഭിത്തികൾ, പുലിമുട്ടുകൾ എന്നിവയുടെ നിർമ്മാണം അനന്തമായി നീളുന്നതാണ് കൊല്ലത്തിന്റെ തീരമേഖയിലെ ജീവിതങ്ങളെ ഇല്ലാതാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |