കൊല്ലം: നാളെ അർദ്ധരാത്രി മുതൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിക്കും. ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം വലിയൊരു വിഭാഗം മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും പട്ടിണിയിലേക്ക് നീങ്ങുമ്പോൾ മത്സ്യവില പൊള്ളുമെന്നുറപ്പ്. ജൂലായ് 31 വരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം. ഔട്ട് ബോർഡ്, ഇൻബോർഡ് എൻജിനുകൾ ഘടിപ്പിച്ച വള്ളങ്ങൾക്കും കട്ടമരം അടക്കമുള്ള പരമ്പരാഗത യാനങ്ങൾക്കും കടലിൽ പോകാം.
ട്രോളിംഗ് നിരോധനം തുടങ്ങുന്ന നാളെ രാത്രി 12.30ന് മുൻപ് എല്ലാ ബോട്ടുകളും നീണ്ടകര അഴിമുഖത്തിന് അപ്പുറത്തേക്ക് മാറ്റും. ബോട്ടുകൾ കടലിലേക്ക് കടക്കാതിരിക്കാൻ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ അഴിമുഖത്തിന് കുറുകെ ചങ്ങല കെട്ടും. അഴീക്കലിലെ ബോട്ടുകളെല്ലാം കടവുകളിൽ അടുപ്പിക്കും.
പ്രതിസന്ധിയുടെ കാലം
വലിയ ബോട്ടുകളിലെ തൊഴിലാളികൾ, ഹാർബറുകളിലെ വിവിധ തരം തൊഴിലാളികൾ, മത്സ്യക്കച്ചവടക്കാർ, വിവിധ പ്രോസിംഗ് യൂണിറ്റുകളിലെ തൊഴിലാളികൾ എന്നിവരെല്ലാം ട്രോളിംഗ് നിരോധന കാലത്ത് കടുത്ത പ്രതിസന്ധിയിലാകും. എന്നാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഈ കാലയളവിൽ മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതാണ് പതിവ്.
ലോക്കാകുന്നത്
01. 1300 ബോട്ടുകൾ
02. 15000 മത്സ്യത്തൊഴിലാളികൾ
03. 25000 അനുബന്ധ തൊഴിലാളികൾ
പരിശോധന കർശനമാക്കും
നിയന്ത്രണം ലംഘിച്ച് ഏതെങ്കിലും ബോട്ടുകൾ മത്സ്യബന്ധം നടത്തിയാൽ പിടികൂടാൻ മൂന്ന് പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. ഇവിടങ്ങളിൽ നിന്ന് മൂന്ന് ബോട്ടുകൾ നിരന്തരം കടലിൽ പട്രോളിംഗും നടത്തും.
കൺട്രോൾ റൂമുകൾ
01. നീണ്ടകര
02. തങ്കശ്ശേരി
03. അഴീക്കൽ
വള്ളങ്ങളെല്ലാം കൊല്ലം തീരത്ത്
നീണ്ടകര, അഴീക്കൽ ഹാർബറുകൾ അടച്ചതിനാൽ അവിടുത്തെ വള്ളങ്ങൾ കൊല്ലം തീരത്ത് അടുക്കും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പുറത്ത് നിന്നുള്ള വള്ളങ്ങൾക്ക് അടുക്കാനുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്. 5ന് ശേഷം രാവിലെ 9 വരെ കൊല്ലം തീരത്തെ വള്ളങ്ങൾക്ക് കടലിൽ പോകാം. വള്ളങ്ങൾ അടുപ്പിക്കുന്നതിന് അഞ്ച് ലാൻഡിൽ സെന്ററുകളാണ് തയ്യാറായിട്ടുള്ളത്. ഓരോ ലാൻഡിംഗ് സെന്ററിലും മുൻകൂട്ടി നിശ്ചയിച്ച വില പ്രകാരം മത്സ്യം തൂക്കി വിൽക്കാൻ രണ്ട് കൗണ്ടറുകൾ വീതം ഉണ്ടാകും. തങ്കശ്ശേരി ഹാർബർ മാനേജ്മെന്റ് കമ്മിറ്റി ചേർന്ന് ഉടൻ വില പുതുക്കി നിശ്ചയിക്കും.
ലാൻഡിംഗ് സെന്ററുകൾ
01. പോർട്ട് കൊല്ലം,
02. മൂതാക്കര
03. ജോനകപ്പുറം
04. വാടി
05. തങ്കശ്ശേരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |